പ്രളയ് മൊണ്ഡാൽ സി.എസ്.ബി ബാങ്ക് ഇടക്കാല എം.ഡി

തൃശൂർ: സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ഇടക്കാല മാനേജിങ്​ ഡയറക്ടറും സി.ഇ.ഒയുമായി ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടർ പ്രളയ് മൊണ്ഡാലിനെ നിയമിച്ചു. ബാങ്ക് ബോർഡിന്റെ തീരുമാനം റിസർവ് ബാങ്ക് അംഗീകരിച്ചു. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്കോ അതിനകം സ്ഥിരം എം.ഡിയെ നിയമിച്ചാൽ അതു വരേക്കോ ആണ് നിയമനം. നിയമന വിവരം ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ബാങ്കിന്റെ എം.ഡി സി.വി.ആർ. രാജേന്ദ്രൻ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജിവെച്ച് മാർച്ച്​ 31ന് സേവനം അവസാനിപ്പിക്കുന്ന ഒഴിവിലേക്കാണ് മൊണ്ഡാലിന്റെ നിയമനം. രാജേന്ദ്രനും ബാങ്കിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളും തമ്മിൽ നിരന്തര സംഘർഷത്തിലാണ്. ബാങ്കിൽ പണിമുടക്ക് പരമ്പര അരങ്ങേറുകയും അതിന് എല്ലാ ദേശീയ ട്രേഡ് യൂനിയനുകളുടെയും പിന്തുണ ലഭിച്ച് വരുകയും ചെയ്യുന്നുണ്ട്. കനേഡിയൻ വ്യവസായിയായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫാക്സ് കമ്പനി പകുതിയിലധികം ഓഹരി കൈയാളുന്ന സി.എസ്.ബി ഫലത്തിൽ ഇപ്പോൾ വിദേശ ഉടമസ്ഥതയിലുള്ള ബാങ്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.