പൊലീസ് കാമ്പസിൽ അപൂർവ ഇനം നാട്ടുമാന്തോട്ടം

* പരിപാലിക്കുന്നത് വനിത പൊലീസുകാർ തൃശൂർ: ജൈവവൈവിധ്യ കലവറയായ കേരള പൊലീസ് അക്കാദമിയിൽ ഇനി നാടൻ മാവുകളും തളിരിടും. അക്കാദമിയുടെ രാമവർമപുരം കാമ്പസിലാണ് അപൂർവ ഇനം നാടൻ മാവുകളുടെ തോട്ടമൊരുങ്ങുന്നത്. വനിത പൊലീസുകാരാണ്​ ഇത് പരിപാലിക്കുന്നത്​. അന്താരാഷ്ട്ര വനിത ദിനത്തിലാണ് പൊലീസ് അക്കാദമി കാമ്പസിൽ നാട്ടുമാവിൻ തോട്ടത്തിനും തുടക്കമിട്ടത്. 44 ഇനം നാടൻ മാവിൻ തൈകൾ നട്ടാണ് പദ്ധതിക്ക് തുടക്കമായത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച്ച് (ഐ.സി.എ.ആർ), സസ്യ ജനിതക വിഭാഗം ദേശീയ ബ്യൂറോ (എൻ.ബി.പി.ജി.ആർ) എന്നിവയുടെ സഹകരണത്തോടെയാണ് തൈകൾ സംഘടിപ്പിച്ചത്​. കേരളത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മാവിനങ്ങളിൽ ചിലത് തിരിച്ചുകൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കണ്ണൂർ സിറ്റി പൊലീസ് സേനാംഗം ഷൈജു ശേഖരിച്ച മാങ്ങയണ്ടി ഐ.സി.എ.ആറിന് കൈമാറി പ്രത്യേക ഗ്രാഫ്റ്റിങ്​ വഴി തൈയായി വളർത്തിയാണ് ഇവിടെ നടുന്നത്. എൻ.ബി.പി.ജി.ആർ തൃശൂർ റീജനൽ സ്റ്റേഷൻ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. ലത, സയന്‍റിസ്റ്റ് ഡോ. സുമ എന്നിവരാണ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത്. ഉണ്ടപ്പച്ച, നരൻ, മധുര കിങ്ങിണി, രസപുളിയൻ, പച്ചമധുരം, വടക്കൻ മധുര കടുക്കൻ തുടങ്ങിയ അന്യമാകുന്ന മാവിനങ്ങളാണ് നട്ടുവളർത്തി പരിപാലിക്കുന്നത്. വൈവിധ്യങ്ങൾ നിലനിർത്താനാണ് അക്കാദമിയിൽ മാന്തോട്ടത്തിന് തീരുമാനിച്ചതെന്ന് പരിശീലന ചുമതലയുള്ള ഡി.ഐ.ജി കെ. സേതുരാമൻ പറഞ്ഞു. tcg_chr1- രാമവർമപുരം പൊലീസ് അക്കാദമിയിൽ നാട്ടുമാവിൻ തോട്ടമൊരുക്കുന്ന പരിശീലനത്തിലുള്ള വനിത പൊലീസുകാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.