ചാലക്കുടിയിലെ വന്യമൃഗശല്യം പഠിക്കാൻ ടൈഗർ കൺസേർവഷൻ ഫൗണ്ടേഷനെ ചുമതലപ്പെടുത്തും -മന്ത്രി

ചാലക്കുടിയിലെ വന്യമൃഗശല്യം പഠിക്കാൻ ടൈഗർ കൺസേർവേഷൻ ഫൗണ്ടേഷനെ ചുമതലപ്പെടുത്തും -മന്ത്രി ചാലക്കുടി: ചാലക്കുടി മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ വന്യമൃഗശല്യം പരിഹരിക്കാൻ ശാശ്വതമാർഗങ്ങൾ പഠിക്കാൻ പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനെ ചുമതലപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സനീഷ്‌കുമാർ ജോസഫ് എം.എൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി കണ്ണംകുഴിത്തോടിലെ ജനവാസമേഖലക്ക്​ ചുറ്റുമായി ശേഷിക്കുന്ന ആറ് കിലോമീറ്റർ സോളാർ ഫെൻസിങ് നിർമ്മാണം പൂർത്തിയാക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റും ചീഫ് വൈൽഡ് ലൈഫ് വാർഡനും സർക്കാറിന് സമർപ്പിച്ച 620 കോടി രൂപയുടെ പ്രോജക്റ്റ് പ്രൊപ്പോസലിൽ ചാലക്കുടി ഡിവിഷനിൽ ഉൾപ്പടെ 25 റാപിഡ് റെസ്പോൺസ് ടീമുകൾ രൂപവത്കരിക്കുന്നതിന്​ വിഭാവനം ചെയ്തിട്ടുള്ളതായും ഇത് സർക്കാർ പരിശോധിച്ച്​ വരുകയാണെന്നും മന്ത്രി അറിയിച്ചു. വന്യമൃഗ ആക്രമണത്തിന് തടയിടാൻ ശാശ്വതമായ നടപടികളാണ് വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണംപോലും കൃത്യമായി നടക്കുന്നില്ലെന്നും സനീഷ്‌കുമാർ ജോസഫ് നിയമസഭയിൽ പറഞ്ഞു. കണ്ണംകുഴിയിൽ അഞ്ചു വയസുകാരി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിൽ വന്യജീവി ആക്രമണം കുറക്കുന്നതിനുള്ള ത്വരിത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.