വ്യാപാരികൾക്ക്​ ഊർജം പകർന്ന നേതാവ്​

-കെ. ഹസൻ കോയ (വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ്​) വ്യാപാരികൾക്ക്​ എന്നും ഊർജം നൽകിയ നേതാവായിരുന്നു ടി. നസിറുദ്ദീൻ. വിൽപന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനക്കെതിരെ നിയമവും വകുപ്പും എടുത്ത്​ പറഞ്ഞ്​ നടത്തിയ പോരാട്ടങ്ങളാണ്​ നസിറുദ്ദീനെ കേരളത്തിലെ വ്യാപാരികളുടെ ​പ്രിയപ്പെട്ട നേതാവാക്കിയത്​. സർക്കാറുമായി ബന്ധപ്പെട്ട്​ പ്രശ്നത്തിന്​ ശാശ്വത പരിഹാരമുണ്ടാക്കുന്നതിലും നസിറുദ്ദീന്‍റെ പരിശ്രമങ്ങൾ വിജയിച്ചു. മറ്റു സംഘടനകളെ പിന്നിലാക്കി വ്യാപാരി വ്യവസായി ഏകോപന സമിതിയെ കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമാക്കുന്നത്​ നസിറുദ്ദീ​ന്‍റെ നേതൃത്വത്തിലാണ്​. സി.എം. ജോർജ്,​ എം.ഒ ജോൺ, എ. പൂക്കുഞ്ഞ്​ തുടങ്ങിയവരായിരുന്നു സംഘടനയുടെ മുൻ നേതാക്കൾ. നസിറുദ്ദീൻ കേരളത്തിലുടനീളം സംഘടന വ്യാപിപ്പിച്ചു. ചെറിയ കച്ചവടക്കാരെപോലും സംഘടനയിൽ അംഗമാക്കി. എല്ലാ ഗ്രാമങ്ങളിലും യൂനറ്റുകളും ഓഫിസുകളും സ്ഥാപിച്ചു. സമ്മേളനങ്ങളും സമരങ്ങളും സംഘടിപ്പിച്ച്​ സംഘടനയുടെ ശക്തി പ്രകടിപ്പിച്ചു. സർക്കാറുമായി അവകാശങ്ങൾക്കു​വേണ്ടി അവസാന നിമിഷംവരെ പോരടിച്ചു. ഏറ്റവുമൊടുവിൽ 2021ൽ ലോക്​ഡൗണിന്‍റെ പേരിൽ വ്യാപാരസ്ഥാപനങ്ങൾക്ക്​ അനിശ്ചിതകാല നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാറിന്‍റെ നിലപാടിനെതിരെ പ്രത്യക്ഷസമരം നടത്തി തിരുത്തിച്ചത്​ ചരിത്രമായി. കോഴിക്കോട് മിഠായിത്തെരുവിൽനിന്ന്​ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനത്തൊ​ട്ടാകെ വ്യാപിക്കുന്ന സാഹചര്യമായി. സർക്കാറുമായി നിരന്തരം ചർച്ച നടത്തി വ്യാപാരികൾക്കനുകൂലമായ തീരുമാനമെടുപ്പിക്കുന്നതിൽ നസിറുദ്ദീന്‍റെ നേതൃത്വ​ം വിജയിച്ചു. വ്യാപാരികൾക്ക്​ ക്ഷേമനിധി രൂപവത്​കരിക്കാൻ അ​ദ്ദേഹം നടത്തിയ ശ്രമങ്ങൾ എന്നും അനുസ്മരിക്കപ്പെടും. കച്ചവടക്കാരുടെ ക്ഷേമത്തിന്​ മുൻഗണന നൽകുന്ന നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അദ്ദേഹവുമായി അൽപകാലം അകന്നുപ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്​. എന്തെല്ലാം വിയോജിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അ​ദ്ദേഹത്തിന്‍റെ സംഘാടനപാടവം അംഗീകരിക്കാതിരിക്കാനാവില്ല. അദ്ദേഹം പ്രസിഡന്‍റും താൻ സെകട്ടറിയുമായി പതിറ്റാണ്ടോളം പ്രവർത്തിക്കാൻ അവസരമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.