നന്തിക്കര ഗവ. വൊക്കേഷനൽ സ്കൂളിൽ കളിസ്ഥലം ഒരുങ്ങുന്നു

ആമ്പല്ലൂര്‍: നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ നവീകരണത്തിനും പുതിയ കോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സംസ്ഥാന കായികവകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. മണ്ഡലത്തിലെ ഒരു കളിസ്ഥലം നവീകരിക്കുന്നതിനായി കായിക വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് എം.എല്‍.എ സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഗ്രൗണ്ട് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കൂടിയ ആലോചന യോഗത്തില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പി.ടി.എ പ്രസിഡന്റ് എം.കെ. അശോകന്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ എം.എ. ബാലന്‍, ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ഹേമ, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ രാജലക്ഷ്മി, പ്രധാനാധ്യാപിക ഷാലി, പ്രൊജക്റ്റ് എന്‍ജിനിയര്‍ നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രൗണ്ട് നവീകരണം, വിവിധ കോര്‍ട്ടുകളുടെ നിർമാണം, ഡ്രൈനേജ് തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍ക്കൊള്ളിച്ചു വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുന്നതിന്​ യോഗത്തില്‍ തീരുമാനമായി. കായിക വകുപ്പിന്റെ ഫണ്ടും ത്രിതല പഞ്ചായത്തുകളുടെ ഫണ്ടും എം.എല്‍.എ ഫണ്ടും സംയോജിപ്പിച്ചായിരിക്കും നിർമാണം നടത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.