ഇരിങ്ങാലക്കുടയിലും കാൽ കഴുകിച്ചൂട്ട് വിവാദം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐയും പട്ടികജാതി ക്ഷേമ സമിതിയും

ചടങ്ങ് ഒഴിവാക്കിയെന്ന് ക്ഷേത്രം ഉപദേശക സമിതി ഇരിങ്ങാലക്കുട: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും കാൽകഴുകിച്ചൂട്ട് വിവാദം. പ്രതിഷേധമുയർന്നതോടെ ചടങ്ങ് ഉപേക്ഷിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും പ്രതിഷ്ഠാചടങ്ങുകളുടെയും ഭാഗമായി വെള്ളിയാഴ്ചയാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. നോട്ടീസ് പുറത്തിറങ്ങിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സി.പി.എം സംഘടനകൾ തന്നെ രംഗത്തെത്തി. ഡി.വൈ.എഫ്.ഐയും പട്ടികജാതി ക്ഷേമ സമിതിയും പരസ്യമായി രംഗത്ത് വന്നു. മന്ത്രി ആർ. ബിന്ദുവും കടുത്ത വിമർശനമുയർത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്​ കീഴിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശിവകൃഷ്ണപുരം ക്ഷേത്രത്തിലും ചടങ്ങ് നടത്തുന്നത് വിവാദമായതിന് പിന്നാലെയാണ് ബോർഡിന്​ കീഴിലെ ക്ഷേത്രത്തിൽ തന്നെ സമാന സംഭവം ഉണ്ടാവുന്നത്. വിവാദമുയർന്നതോടെ ബോർഡ് പ്രസിഡന്‍റ്​ വി. നന്ദകുമാർ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളെ ബന്ധപ്പെട്ട് ചടങ്ങ് ഒഴിവാക്കാൻ നിർദേശിച്ചു. ചടങ്ങ് ഒഴിവാക്കിയതായി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ്​ അരവിന്ദാക്ഷൻ കുന്നത്ത് അറിയിച്ചു. ചടങ്ങ് ഒഴിവാക്കിയതായുള്ള അറിയിപ്പ് ക്ഷേത്രത്തിലും പരസ്യപ്പെടുത്തി. പരിപാടികളുടെ നോട്ടീസ് നേരത്തേ അടിച്ചതാണെന്നും തന്ത്രിയുടെ നിർദേശപ്രകാരമാണ് കാൽ കഴുകിച്ചൂട്ട് ഉൾപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.