ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ബഹളം

ഇരിങ്ങാലക്കുട: വാർഡിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാൻ എത്തിയ തന്നെ ചെയർപേഴ്സൻ പരിഹസിച്ചെന്ന ബി.ജെ.പി കൗൺസിലറുടെ വെളിപ്പെടുത്തലിനെ തുടർന്ന്​ നഗരസഭ യോഗത്തിൽ ബഹളം. കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് ചെയർപേഴ്സന്‍റെ ചേംബറിലെത്തി കുടിവെള്ള പദ്ധതിയെക്കുറിച്ച് സംസാരിക്കാനെത്തിയ തന്നെ സമരം ചെയ്യാൻ നടക്കുകയല്ലേയെന്ന് ആക്ഷേപിച്ച് വൈരാഗ്യത്തോടെ പെരുമാറിയതായി 34ാം വാർഡ് കൗൺസിലർ വിജയകുമാരി അനിലനാണ്​ നഗരസഭ യോഗത്തിൽ ആരോപിച്ചത്​. സംഭവത്തിന് ഭരണകക്ഷി കൗൺസിലർമാർ സാക്ഷിയാണെന്നും അവർ പറഞ്ഞു. എന്നാൽ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കൗൺസിലർ കളവ് പറയുകയാണെന്നും ചെയർപേഴ്സൻ വിശദീകരിച്ചു. പ്രതിഷേധവുമായി മറ്റ് ബി.ജെ.പി കൗൺസിലർമാർ എഴുന്നേറ്റതോടെ വാർഡ് 22ലെ അംഗൻവാടി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കളവ് പറഞ്ഞ് സമരം നടത്തിയതായി ചെയർപേഴ്സൻ ആരോപിച്ചു. പ്രതിഷേധവുമായി ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങിയപ്പോൾ, സന്തോഷ് ബോബൻ തന്നെ ആക്ഷേപിച്ചെന്നും മാപ്പ് പറയണമെന്നും ചെയർപേഴ്സൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും മെംബറെ സസ്പെൻഡ്​ ചെയ്യുമെന്നും അവർ മുന്നറിയിപ്പ് നൽകി. എന്നാൽ, ചെയർപേഴ്സൻ കള്ളം പറയുകയാണെന്ന് ബി.ജെ.പി കൗൺസിലർമാർ ആവർത്തിച്ചു. താൻ പറയുന്നത് ശ്രദ്ധിക്കാതെ ചില ഭരണകക്ഷി അംഗങ്ങൾ കളിയാക്കുന്ന തലത്തിൽ യോഗത്തിൽ സംസാരിച്ചതായി എൽ.ഡി.എഫ് അംഗവും സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സനുമായ അംബിക പള്ളിപ്പുറത്ത് പ്രതികരിച്ചതിനെ ചൊല്ലിയും ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ഉണ്ടായി. ആധുനിക രീതിയിൽ ടൗൺ ഹാൾ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള നിർദേശം യോഗത്തിൽ അവതരിപ്പിച്ചു. ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.