പ്രവാചക നിന്ദക്കെതിരെ പ്രതിഷേധവുമായി ചേരമാൻ ജുമാമസ്ജിദ്

മേത്തല: ഇസ്​ലാമിനെതിരായ ഫാഷിസ്റ്റ് ശക്തികളുടെ ആക്രമണത്തിന്റെ അവസാന ഉദാഹരണമാണ് പ്രവാചകനെതിരെ ബി.ജെ.പി നേതാക്കളുടെ നിന്ദ്യമായ പരാമർശമെന്ന് കൊടുങ്ങല്ലൂർ നഗരസഭ വൈസ്​ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. 'പ്രവാചക നിന്ദക്കെതിരെ പ്രവാചക പ്രകീർത്തനവുമായി ചേരമാൻ ജുമാമസ്ജിദും മതേതര ഭാരതവും' പ്രതിഷേധ സദസ്സ്​ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വെളിച്ചത്തിലേക്ക് നയിച്ച ഗുരുനാഥരിൽ മുഹമ്മദ് നബിയുടെ സ്ഥാനം ഒരാൾക്കും നിഷേധിക്കാൻ കഴിയാത്ത ചരിത്ര യാഥാർഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്താനേ പ്രവാചകനെതിരായ പരാമർശം കൊണ്ട് കഴിയൂവെന്നും മതേതര ഭാരതത്തിന്റെ സഹിഷ്ണുത തകർക്കാൻ ശ്രമിക്കുന്നത് ആത്മഹത്യക്ക് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എസ്. കൈസാബ്, മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യും, ഇമാം ഡോ. മുഹമ്മദ് സലിം നദ്​വി എന്നിവർ ജുമാപ്രാർഥനക്കുശേഷം പള്ളിയിൽ നടത്തിയ പ്രതിഷേധ സദസ്സിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.