ആധിപത്യം തുടരുമോ, തകരുമോ ആറന്മുളയിൽ?

പത്തനംതിട്ട: ചൂടേറിയ പോരാട്ടത്തിനൊരുങ്ങി ആറന്മുള. എൽ.ഡി.എഫിൽ നിലവിലെ എം.എൽ.എ കൂടിയായ മന്ത്രി വീണ ജോർജ് മത്സരിക്കുന്ന മണ്ഡലംകൂടിയായതിനാൽ ഇത്തവണ തീപാറും പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. യു.ഡി.എഫിൽ പതിവുപോലെ പേരുകൾ പലതുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിക്കാണ് കൂടുതൽ പരിഗണന.

2015ൽ ആറൻമുളയിലെത്തി കന്നി മത്സരത്തിൽ നിയമസഭയിലെത്തുകയും തുടർന്ന് രണ്ടാം തവണ ജയിച്ച് മന്ത്രിയാകുകയും ചെയ്തതോടെ വീണ ജോർജ് മണ്ഡലത്തിലെങ്ങും പരിചിതമുഖമായി മാറിയതിന്റെ ആത്മവിശ്വാസമാണ് ഇടതു ക്യാമ്പിലുള്ളത്. പാർട്ടികളുടെ സർവശേഷിയും പ്രയോഗിക്കുന്ന ഉശിരിലേക്കുയരുന്നതാകും ഇത്തവണത്തെ ആറന്മുളയിലെ മത്സരക്കാഴ്ച. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. എൻ.ഡി.എയിൽ കുമ്മനം രാജശേഖരന്‍റെ പേരാണ് മുന്നിൽ.

നിയമസഭ തെരഞ്ഞെടുപ്പിന് ഏറെനാൾ മുമ്പ് ആറന്മുള മണ്ഡലത്തിൽ സജീവമായി നിൽക്കുന്ന യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയാണ് യു.ഡി.എഫ് സ്ഥാനാർഥിയായി സാധ്യതയിൽ മുന്നിൽ. എറണാകുളം കോലഞ്ചേരി സ്വദേശിയായ അബിൻ ആറന്മുളയിൽ മത്സരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ആഴ്ചയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു.

ഇതിന് പിന്നിൽ സ്വന്തം പാർട്ടിയിലെ ജില്ലയിൽനിന്നുള്ള സീറ്റുമോഹികളാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട് . ഇതിനിടെ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിസിഡന്‍റ് വിജയ് ഇന്ദൂചൂഡനും നേതൃത്വത്തെ സമീപിച്ചതോടെ തീരുമാനം നീളുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് നില

ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി, ആറന്മുള, മല്ലപ്പുഴശ്ശേരി, ഇലന്തൂർ, ചെന്നീർക്കര, മെഴുവേലി എന്നീ ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും യു.ഡി.എഫും കുളനട എൽ.ഡി.എഫും ഓമല്ലൂരും നാരങ്ങാനവും ബി.ജെ.പിയും ഭരിക്കുന്നു.

മുൻ വിജയികൾ

  • 1957- മാലേത്ത് ഗോപിനാഥപിള്ള (കോൺ)
  • 1960- മാലേത്ത് ഗോപിനാഥപിള്ള (കോൺ)
  • 1965- എൻ. ഭാസ്കരൻനായർ (കേരള കോൺഗ്രസ്)
  • 1967- പി.എൻ. ചന്ദ്രസേനൻ (എസ്.എസ്.പി)
  • 1970- പി.എൻ. ചന്ദ്രസേനൻ (എസ്.എസ്.പി)
  • 1977- എം.കെ. ഹേമചന്ദ്രൻ (കോൺ.)
  • 1980- കെ.കെ. ശ്രീനിവാസൻ (കോൺ.)
  • 1982- കെ.കെ. ശ്രീനിവാസൻ (കോൺ.)
  • 1987- കെ.കെ. ശ്രീനിവാസൻ (കോൺ.)
  • 1991- ആർ. രാമചന്ദ്രൻനായർ (എൻ.ഡി.പി.)
  • 1996- കടമ്മനിട്ട രാമകൃഷ്ണൻ (സി.പി.എം)
  • 2001- മാലേത്ത് സരളാദേവി (കോൺ.)
  • 2006- കെ.സി. രാജഗോപാലൻ (സി.പി.എം)
  • 2011- കെ. ശിവദാസൻ നായർ (കോൺ.)
  • 2015- വീണ ജോർജ് (സി.പി.എം)
  • 2021- വീണ ജോർജ് (സി.പി.എം)

വോട്ടർമാരിൽ ഇത്തവണയും ആറന്മുള മുന്നിൽ

സംസ്ഥാനത്ത് രണ്ടുലക്ഷത്തിലധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. 2,13,732 പേരാണ് ഇപ്പോൾ ആറന്മുളയിലുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമായിരുന്നു ആറന്മുള. 2,37,351 വോട്ടർമാരാണ് കഴിഞ്ഞ തവണ ഉണ്ടായിരുന്നത്.

നേട്ടങ്ങൾ

കോടികളുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കി. 69 റോഡുകൾ ബി.എം-ബി.സി നിലവാരത്തിൽ നിർമിച്ചു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിരവധി വികസനങ്ങൾ നടപ്പാക്കി. നിരവധി സ്കൂൾ കെട്ടിടങ്ങൾ നിർമിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് കെട്ടിടം, ജില്ല സ്റ്റേഡിയം വികസനം ആദ്യഘട്ടം ഉദ്ഘാടനം, മണ്ണാകടവ് പാലം ഉദ്ഘാടനം ഇവയെല്ലാം പ്രധാന നേട്ടങ്ങളിൽപ്പെടും.

കോട്ടങ്ങൾ

പ്രധാനപ്പെട്ട പല പദ്ധതികളും മണ്ഡലത്തിൽ പൂർത്തിയാകാതെ കിടക്കുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും കോഴഞ്ചേരി പാലം പണി പൂർത്തിയായിട്ടില്ല. ശാസ്ത്രീയ പഠനം നടത്താതെ നിർമാണം ആരംഭിച്ച ജില്ല ആസ്ഥാനത്തെ അബാൻ മേൽപാലംകൊണ്ട് നാട്ടുകാർക്ക് കാര്യമായ പ്രയോജനമില്ല. അബാൻ മേൽപാലം പണിയെ തുടർന്ന് ഇവിടുത്തെ വ്യാപാരികൾ ദുരിതമനുഭവിക്കുകയാണ്. ജൽ ജീവൻമിഷൻ പദ്ധതി മുടങ്ങിക്കിടക്കുന്നു. പത്തനംതിട്ടയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ അവസ്ഥ പരിതാപകരമാണ്. ആർ.ടി.ഒ ഓഫിസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിരവധി സർക്കാർ ഓഫിസുകൾ ജില്ല ആസ്ഥാനത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. 

വോട്ടുനില

2016 നിയമസഭ

എൽ.ഡി.എഫ് 64,523

യു.ഡി.എഫ് 56,877

എൻ.ഡി.എ 37,906

2019 ലോക്‌സഭ

യു.ഡി.എഫ് 59,277

എൽ.ഡി.എഫ് 52,684

എൻ.ഡി.എ 50,497

2021 നിയമസഭ

എൽ.ഡി.എഫ് 74,950

യു.ഡി.എഫ് 55,947

എൻ.ഡി.എ 29,099

2024 ലോക്സഭ

യു.ഡി.എഫ് 3,67,623

എൽ.ഡി.എഫ് 3,01,146

എൻ.ഡി.എ 2,34,098

Tags:    
News Summary - Will the dominance continue or collapse in Aranmula?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.