മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം
പത്തനംതിട്ട: വികസനമില്ലാതെ മലയോര ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവഗണനയിൽ. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധികൃതരുടെ അലംഭാവവുംമൂലം പ്രധാന ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികൾ കൈവിടുന്ന അവസ്ഥയാണ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനായി തയാറാക്കിയ പദ്ധതികൾ പലതും ഫയലിൽ ഒതുങ്ങുകയാണ്. നവീകരണമില്ലാതെ പലയിടത്തും പദ്ധതികളും കാടുകയറി തുടങ്ങിയതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞിരിക്കുകയാണ്.
ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ചും പദ്ധതികൾ തയാറാക്കിയെങ്കിലും വെളിച്ചം കണ്ടില്ല. കുറിയന്നൂർ അരുവിക്കുഴി വെള്ളച്ചാട്ടം കേന്ദ്രീകരിച്ചു കെട്ടിടങ്ങൾ നിർമിച്ചുവെങ്കിലും ആളുകളെ ആകർഷിക്കാനായിട്ടില്ല.
മണിയാർ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ ഒരുങ്ങുന്നുണ്ടെങ്കിലും പദ്ധതി കാര്യക്ഷമമല്ല. മീൻമുട്ടിപ്പാറ വെള്ളച്ചാട്ടം പോലുള്ള ഇടങ്ങളിൽ കൃത്യമായ ദിശാസൂചന ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് സഞ്ചാരികളെ വലക്കുന്നു. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ആരംഭിച്ചതോടെ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ സന്ദർശിക്കാവുന്ന ഇടമായി ഗവി മാറുകയായിരുന്നു. ഗവി കാണുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധിയാളുകൾ ദിവസവും വന്നുപോകുന്നുണ്ട്. തേക്കടിയിലേക്കെത്തുന്ന വിദേശ വിനോദ സഞ്ചാരികൾക്കായി ഗവിയിലേക്ക് പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. എന്നാൽ, ഗവിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കാത്തതും തകർന്നു കിടക്കുന്ന പാതകളും സഞ്ചാരികളുടെ മനസ്സ് മടുപ്പിക്കുന്നു. ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ കെ.എസ്.ആർ.ടി.സി ബസിൽ വൻ തിരക്കാണ്. യാത്ര ചെയ്യാവുന്നതിന്റെ മൂന്നിരട്ടി ആളുകളുമായാണ് ഇപ്പോൾ ബസുകൾ ഇതുവഴി ഓടുന്നത്.
കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയ അടവിയെയും അധികൃതർ അവഗണിച്ച നിലയാണ്. അടവിയിലെ ദീർഘദൂര സവാരി ഒരുവർഷമായി നടക്കുന്നില്ല. അടവിയിലെ ഹൈടെക് കോട്ടേജുകളും തകർന്നുകിടക്കുകയാണ്. പൈതൃക ഗ്രാമമായ ആറന്മുളയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിക്കുന്നത്.
പമ്പാ നദിയിലെ ബോട്ട് സവാരി പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. പെരുന്തേനരുവിയിലേക്കും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. മുകളിൽ ഡാം വന്നതോടെ പാറയിടുക്കിലൂടെയുള്ള വെള്ളമൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ സഞ്ചാരികളും കുറഞ്ഞു വന്നു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് പെരുന്തേനരുവിയിൽ നിർമിച്ച കെട്ടിടങ്ങളും മറ്റും കാടുകയറിയ സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.