പത്തനംതിട്ട: പകർച്ചവ്യാധി വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കുന്ന സമയത്തും ജില്ലയിലെ സർക്കാർ ആശുപത്രികളിലുള്ളത് അമ്പതോളം ഡോക്ടർമാരുടെ ഒഴിവുകൾ. ഒഴിവുകൾ ഏറെയും രോഗികൾ ധാരാളമായി ചികിത്സ തേടിയെത്തുന്ന പ്രധാന ആശുപത്രികളിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത. താഴേതട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മറ്റും സാമാന്യം നല്ല രീതിയിൽ പ്രവർത്തിക്കുമ്പോൾ ജനറൽ ആശുപത്രിയും ജില്ല ആശുപത്രിയുമൊക്കെ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന അടൂർ താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർമാരുടെ കൂടുതൽ ഒഴിവുകൾ. പത്തനംതിട്ട ജനറൽ ആശുപത്രിയിലും, കോഴഞ്ചേരി ജില്ല ആശുപത്രിയിലും ഡോക്ടർമാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കാലാനുസൃതമായി പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ്, ഉള്ള തസ്തികയിൽപോലും ആളില്ലാത്ത അവസ്ഥ. ചെറിയ കാര്യങ്ങൾക്കുപോലും രോഗികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതിന് ഇതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഡോക്ടർമാരുടെ കുറവുള്ളതായി പറയുമ്പോഴും ഉള്ള ഡോക്ടർമാരെ സാഹചര്യത്തിനും ആവശ്യത്തിനും അനുസരിച്ച് വിന്യസിക്കുന്നതിൽ വരുന്ന ഭരണപരമായ വീഴ്ചയാണ് സാഹചര്യങ്ങൾ കൂടുതൽ മോശമാക്കുന്നത് എന്നതാണ് സ്ഥിതി. ജില്ലയിലെ ഏതെങ്കിലും ഒരു ആശുപത്രിയെ ഓർത്തോ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളിൽ ആവശ്യത്തിന് വിദഗ്ധ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൂപ്പർ സ്പെഷാലിറ്റി പദവിലിലേക്ക് ഉയർത്തിയാൽ വലിയൊരളവുവരെ തീരാവുന്നതാണ് റഫർ ചെയ്യുന്ന പ്രശ്നം. പക്ഷേ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കോന്നി മെഡിക്കൽ കോളജിൽപോലും ഇത്തരത്തിലൊരു സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ല.
പ്രധാന ആശുപത്രികളിലെല്ലാം സ്പെഷാലിറ്റി ഡോക്ടർമാരുണ്ടെങ്കിലും എണ്ണം ഒന്നോ, രണ്ടോ മാത്രമാണ്. രാവിലെ ഒ.പിയിൽ രോഗികളെ നോക്കാനും, അഡ്മിറ്റ് ചെയ്യുന്ന രോഗികളെ പരിശോധിക്കാനും മാത്രമേ ഇവരെ കൊണ്ട് സാധ്യമാകൂ. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ്-മെഡിസിന്റെ മൂന്ന് ഒഴിവുകൾ നിലനിൽക്കുകയാണ്.
നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിൽ സ്പെഷാലിറ്റി കേഡർ തസ്തിക സൃഷ്ടിച്ചെങ്കിലും അവിടെയും നിയമനം നടന്നിട്ടില്ല. 12 വർഷം മുമ്പ് 9 െമഷീനുമായി തുടങ്ങിയ ഡയാലിസ് യൂനിറ്റിൽ ഇപ്പോൾ നാല് മെഷീൻ മാത്രമാണുള്ളത്. ഇതുമൂലം 25ഓളം രോഗികളാണ് വെയിറ്റിങ്ങിലുള്ളത്. ഇതിന്റെ പ്രയോജനം ലഭിക്കുന്നത് തിരുവല്ലയിലെയും, കോഴഞ്ചേരിയിലെയുമൊക്കെ സ്വകാര്യ ആശുപത്രികൾക്കാണ്. കമ്പനികൾക്ക് നൽകാനുള്ള വലിയ കുടിശ്ശികമൂലം കെ.എം.സി.എൽ വഴി സർക്കാറിൽനിന്ന് മെഷീൻ ലഭിക്കാത്ത സാഹചര്യത്തിൽ ആശുപത്രി വികസന സമിതി വഴി പണം കൊടുത്ത് മെഷീൻ വാങ്ങാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും അതും എങ്ങും എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.