പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​ടെ ഒ.​പി ബ്ലോ​ക്ക്​

ജനറൽ ആശുപത്രി; പുതിയ ബഹുനില കെട്ടിട നിർമാണത്തിൽ സർവത്ര അപാകത

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ പുതിയ ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിൽ സർവത്ര അപാകത. അഞ്ച് നിലയിൽ നിർമിക്കുന്ന ഒ.പി ബ്ലോക്ക് കെട്ടിടത്തിന് ലിഫ്റ്റ് സംവിധാനം മൂന്ന് നില വരെ മാത്രമേയുള്ളൂ. നാലും അഞ്ചും നിലകളിലേക്ക് നടന്നുപോകണമെന്നതാണ് സ്ഥിതി. ഏഴു നിലയിൽ നിർമിക്കാൻ പദ്ധതിയിട്ട ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്‍റെ നിർമാണ പ്രവർത്തനങ്ങളാകട്ടെ മൂന്ന് നില കൊണ്ട് മതിയാക്കുകയാണ്. ഇതിന് മുകളിലേക്കുള്ള നിർമാണം ഉപേക്ഷിച്ച് മുകളിൽ കെട്ടിയടക്കുകയാണ്. പ്ലാനിലും എസ്റ്റിമേറ്റിലുമൊക്കെ ഉണ്ടായ അപാകതക്കൊപ്പം കൂടുതൽ ഫണ്ട് ലഭിക്കാനുള്ള സാധ്യത ഇല്ലാത്തതും പ്രഖ്യാപിച്ചത് പോലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ തടസമായിരിക്കുകയാണ്.

ഒ.പി ബ്ലോക്കിന്‍റെ നിർമാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് നടത്തുന്നത്. ക്രിട്ടിക്കൽ ബ്ലോക്ക് കിറ്റ്കോയും. വലിയ ബോർഡ് സ്ഥാപിച്ച് ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്‍റെ ഉദ്ഘാടനം സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന വീണാ ജോർജ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് നിർവഹിച്ചതാണ്. പ്രവർത്തനം തുടങ്ങാൻ ഒരു തരത്തിലും സജ്ജമാകാത്ത കെട്ടിടം ഉദ്ഘാടനം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതിനെതിരെ ഈ സമയത്ത് വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു. കേന്ദ്ര സർക്കാറിന്‍റെ പി.എം അഭിം പദ്ധതിയിൽ നബാർഡ് സഹായത്തോടെയാണ് ഒ.പി ബ്ലോക്ക് പണിയുന്നത്. 23 കോടിയാണ് ആദ്യം അനുവദിച്ചത്. പിന്നീട് മൂന്ന് കോടി കൂടി നൽകി.

ജൂൺ 30ന് പദ്ധതി നടത്തിപ്പിന്‍റെ സമയപരിധി അവസാനിക്കുകയും ചെയ്തു. എന്നാൽ ഇത്രയും തുക മുടക്കിയ കെട്ടിടത്തിൽ ലിഫ്റ്റ് മൂന്ന് നിലയിൽ ഒതുങ്ങിയത് വലിയ അപാകതയായി. താഴെ മൂന്ന് നിലയിൽ 20 ഒ.പി മുറികളും, മൈനർ ഓപ്പറേഷൻ തീയറ്റർ അടക്കമുള്ള സംവിധാനങ്ങളും മറ്റ് രണ്ട് നിലകളിൽ സൂപ്രണ്ടിന്‍റേതടക്കം ഓഫീസുകളുമാണ് വിഭാവന ചെയ്തിരുന്നത്. മൂന്നാം നില വരെയാക്കി സ്ഥാപിക്കുന്ന ലിഫ്റ്റിന്‍റെ പ്രവർത്തനം ഇനി അഞ്ചാമത്തെ നില വരെയാക്കി മാറ്റണമെങ്കിൽ അതിന് 50 ലക്ഷത്തിൽ കൂടുതൽ വേണ്ടി വരും. ലിഫ്റ്റ് ഇല്ലാത്ത സാഹചര്യത്തിൽ ഇവിടേക്ക് ഓഫീസുകൾ മാറ്റിസ്ഥാപിക്കാനും സാധ്യത കുറവാണ്.

ഫലത്തിൽ രണ്ട് നില സ്ട്രക്ചർ മാത്രമായി നിൽക്കും. അത്യാഹിത വിഭാഗവും വാർഡുകളും ഉൾപ്പെടെ പ്രവർത്തിക്കേണ്ട കെട്ടിടം സെല്ലാർ ഉൾപ്പെടെ ഏഴു നിലയിൽ നിർമിക്കാനാണ് അടിത്തറ. അതാണ് ഇപ്പോൾ മൂന്ന് നിലിൽ പണിത് മുകളിലേക്കുള്ള ഭാഗം അടച്ചു കെട്ടുന്നത്. മൂന്ന് നിലയിൽ വരെ മാത്രം ലിഫ്റ്റ് സംവിധാനവുമായി നിർമാണം താത്ക്കാലം അവസാനിപ്പിച്ചാൽ പിന്നെ ലിഫ്റ്റ് മുകൾ നിലയിലേക്കും ആക്കണമെങ്കിൽ അതിനും വലിയ ചെലവ് ഉണ്ടാകും. 25 കോടിയാണ് ഈ കെട്ടിടത്തിന് ഇതുവരെ ചെലവിട്ടത്. ഏഴു നിലയും പൂർത്തിയാക്കണമെങ്കിൽ ഇനിയും കോടികൾ വേണം. 

Tags:    
News Summary - General Hospital All defects in the construction of the new multi-storey building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.