പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ലഹരിവിരുദ്ധ സ്ക്വാഡിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് കുടുങ്ങിയത്. സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവരെയാണ് അടിയന്തരമായി സസ്പെൻഡ് ചെയ്തത്. സംസ്ഥാനത്ത് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥർ ഓടിച്ച പൊലീസ് ജീപ്പ് റോഡിലെ മറ്റ് വാഹനങ്ങളിൽ ഇടിക്കുന്ന രീതിയിൽ അപകടകരമായാണ് കടന്നുപോയത്. ഇതേതുടർന്ന് നാട്ടുകാർ ജീപ്പ് തടഞ്ഞുവെക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. നാട്ടുകാരെ കണ്ടതോടെ പൊലീസുകാരിൽ ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ബാക്കിയുണ്ടായിരുന്നവർക്ക് നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ജനരോഷം ശക്തമായതോടെയാണ് മൂവർക്കുമെതിരെ വകുപ്പുതല നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.