പത്തനംതിട്ട: മഴക്കിടയിലും ജില്ലയിൽ കുതിച്ചുയർന്ന് അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത്(യു.വി). ചൊവ്വാഴ്ച ജില്ലയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡ്ക്സ്(യു.വി ഇൻഡക്സ്) എട്ട് വരെയായി ഉയർന്നു. തിങ്കളാഴ്ച ഇത് ഏഴായിരുന്നു. അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമടക്കം ഇടയാക്കും. യു.വി ഇൻഡക്സ് പൂജ്യം മുതൽ അഞ്ച് വരെയാണെങ്കിൽ ഹാനികരമല്ല. എന്നാൽ, ആറുമുതൽ അപകടനിലയായാണ് ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുന്നത്. ആറ് മുതൽ ഏഴുവരെ മഞ്ഞ അലർട്ടും എട്ട് മുതൽ 10വരെ ഓറഞ്ച് അലർട്ടും 11ന് മുകളിൽ റെഡ് അലർട്ടുമാണ്. ഇത്തരം ദിവസങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിക്കാറുണ്ട്.
യു.വി നിരക്ക് ഉയർന്ന് നിൽക്കുന്ന ദിവസങ്ങളിൽ രാവിലെ പത്തിനും വൈകീട്ട് മൂന്നിനും ഇടയിൽ കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നിർദേശം. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, അർബുദബാധിതർ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി. സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസങ്ങളിലായി ജില്ലയിൽ കനത്ത മഴയാണ് ചെയ്തത്. നീരൊഴുക്ക് ശക്തമായതോടെ മണിയാർ, കക്കി ഡാമുകൾ തുറക്കുകയും ചെയ്തിരുന്നു. എന്നാൽ, ചൊവ്വാഴ്ച മഴ മാറിനിന്നതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെയിൽ അനുഭവപ്പെട്ടിരുന്നു. ഇതിനൊപ്പമാണ് അൾട്രാവയലറ്റ് സൂചിക മുകളിലേക്കെന്ന കണക്കുകൾ പുറത്തുവരുന്നത്.
യു.വി വികിരണങ്ങളുടെ ശക്തി അറിയാനായി കോന്നിയിൽ സ്ഥാപിച്ചിരിക്കുന്ന അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽനിന്നാണ് ജില്ലയിലെ കണക്കുകൾ ശേഖരിക്കുന്നത്. തോതനുസരിച്ച് എ, ബി, സി വിഭാഗങ്ങളായാണ് യു.വി വികിരണങ്ങളെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ യു.വി -ബി ആപത്കരമാണ്. 270 നാനോമീറ്റർ മുതൽ 330 നാനോമീറ്റർ വരെയാണ് യു.വി-ബിയുടെ തരംഗദൈർഘ്യം. 230 നാനോമീറ്ററിൽ താഴെ യു.വി-എയും 330ൽ കൂടുതൽ യു.വി -സിയുമാണ്. സംസ്ഥാനത്ത് സ്ഥാപിച്ച അൾട്രാവയലറ്റ് റേഡിയോ മീറ്ററുകൾ വഴി ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നത് യു.വി-ബിയുടെ വികിരണ നിരക്കാണ്. വെയിലിന്റെ ശക്തികുറയുന്നതോടെ യു.വിയുടെ തോതും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.