പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ കൂടി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ നിര്‍ദേശം ലഭിച്ച ജില്ലയിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ല പഞ്ചായത്ത് അംഗീകാരം നല്കി.
പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതിയാണ് അംഗീകാരം നൽകിയത്.
ആറന്മുള, മല്ലപ്പുഴശ്ശേരി, മെഴുവേലി, അയിരൂര്‍, ചെറുകോല്‍, സീതത്തോട്, ഓമല്ലൂര്‍, റാന്നി പെരുനാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പത്തനംതിട്ട നഗരസഭയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ശബരിമല വികസനത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് അതിന് മാത്രമായി വിനിയോഗിക്കുന്ന തരത്തിലാകണം പദ്ധതികള്‍ തയാറാക്കേണ്ടതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് ആസൂത്രണ സമിതികള്‍ ഡിസംബറില്‍ തന്നെ സമയബന്ധിതമായി ചേര്‍ന്ന് വികസന പദ്ധതികള്‍ അവലോകനം ചെയ്യാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്കി.
സമ്പൂര്‍ണ ശുചിത്വ മിഷന് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണുമായി കരാർ വെക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ അതിനുള്ള നടപടി സ്വീകരിക്കണം. തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളില്‍നിന്ന് രണ്ടു വ്യക്തികളുടെ വീതം പേരും നല്‍കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ ജില്ലതല ജൈവ വൈവിധ്യ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ജില്ല ആസൂത്രണ സമിതി അംഗങ്ങളായ സാറ തോമസ്, രാജി പി.രാജപ്പന്, വി.ടി. അജോമോന്‍, സി.കെ. ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ആര്. അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്, പി.കെ. അനീഷ്, ആര്.ആര്. ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി.ജോര്‍ജ്, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു, അസി. പ്ലാനിങ് ഓഫിസര്‍ ജി. ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.