പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ജില്ല സി.പി.എം സെക്രട്ടേറിയറ്റ് യോഗം 11ന് ചേരും. തെരഞ്ഞെടുപ്പിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ജില്ലയിൽ സി.പി.എമ്മും എൽ.ഡി.എഫും കടുത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജില്ലയിൽ ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ നാലിടത്തും എൽ.ഡി.എഫ് പരാജയപ്പെട്ടിരുന്നു.കോന്നിയിൽ മാത്രം സീറ്റ് നിലനിർത്താൻ കഴിഞ്ഞുവെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് കടന്നുകൂടാനായത്. ജില്ലയിലെ അഞ്ചുസീറ്റും എൽ.ഡി.എഫിന്‍റെ കൈവശം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒന്നിലേക്ക് ചുരുങ്ങേണ്ടി വന്നിരിക്കുന്നത്.
ജില്ലയിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയത് ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കിയാണെന്നാണ് സി.പി.എം വാദം. തിരുവല്ല ഒഴികെ എല്ലാ സീറ്റുകളിലും ഈ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പാർട്ടി നേതൃത്വം ഇത്തരമൊരു ആരോപണം മുന്നോട്ടുവെക്കുമ്പോഴും അത് അതേപടി ഏറ്റുപിടിക്കാൻ പ്രവർത്തകർ ഉൾപ്പെടെ തയാറല്ല. ശബരിമല സ്വർണക്കൊള്ള വിവദവും മന്ത്രിയായിരുന്ന വീണാ ജോർജിനെതിരെ ഉയർന്ന പൊതുജന വികാരവും തിരിച്ചടിയായെന്ന് പാർട്ടിയിൽ തന്നെ അഭിപ്രായമുണ്ട്.
ഇതോടൊപ്പം സംഘടന വീഴ്ചകളും അവർ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും ജില്ലയിൽ പാർട്ടി നടത്തിയ എല്ലാ വിലയിരുത്തലുകളും ഇത്തവണ പാളി. മന്ത്രി മണ്ഡലമെന്ന നിലയിൽ കൂടുതൽ ജാഗ്രത കാട്ടിയ ആറൻമുള സീറ്റിൽ പോലും അത് സംഭവിച്ചു. ഏത് സാഹചര്യത്തിലും ഇവിടെ കുറഞ്ഞ ഭൂരിപക്ഷത്തിന് ആണെങ്കിലും വിജയിക്കുമെന്നായിരുന്നു സി.പി.എം വിലയിരുത്തൽ. എന്നാൽ വൻ മാർജിനിലാണ് വീണയെ അട്ടിമറിച്ച് യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം.
തനിക്കെതിരെ പാർട്ടിയിൽ നിന്നുതന്നെ നീക്കങ്ങളുണ്ടായെന്ന സംശയം വീണക്കും ഉള്ളതായി അറിയുന്നു. ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണിപക്ഷം മൽസരിച്ച റാന്നിയിൽ ചില സി.പി.എം നേതാക്കൾ സജീവമായില്ലെന്ന് പരാതിയുണ്ട്. തിരുവല്ലയിൽ എൽ.ഡി.എഫിന് ലഭിച്ചവന്ന നല്ലപങ്ക് വോട്ടും എൻ.ഡി.എ സ്ഥാനാർഥിക്ക് പോകുകയും ചെയ്തു. കോന്നിയിൽ സിറ്റിങ് എം.എൽ.എ വിജയിച്ചുവെങ്കിലും നേരിയ ഭൂരിപക്ഷത്തിനാണ്. ഇവിടെ യു.ഡി.എഫ്-ബി.ജെ.പി ഒത്തുകളിച്ചുവെന്ന ആരോപണം സി.പി.എം ഉയർത്തുമ്പോഴും സ്വന്തം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച കാണാതിരിക്കാനാവില്ല. ഈ വിഷയങ്ങളെല്ലാം സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവരാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.