പ്രതീകാത്മകം
പത്തനംതിട്ട: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മലയാലപ്പുഴയിൽനിന്ന് കാർ ഓടിച്ച് ആശുപത്രിയിലേക്ക് പോകവേ, അവശനിലയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ച് പത്തനംതിട്ട കണ്ട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശി സോനുവിനാണ് പൊലീസ് സംഘം രക്ഷകരായത്.
ബുധനാഴ്ച പുലർച്ച 2.30ന് കുമ്പഴയിൽവെച്ചാണ് പത്തനംതിട്ട കണ്ട്രോൾ റൂം പൊലീസ് ഉദ്യോഗസ്ഥർ പട്രോളിങ്ങിനിടയിൽ മലയാലപ്പുഴ ഭാഗത്തുനിന്നും അമിതവേഗത്തിൽ കാർ വരുന്നത് കണ്ടത്. പെട്ടെന്ന് നിന്ന കാറിന്റെ അരികിലേക്ക് പൊലീസ് സംഘം ഓടിയെത്തി നോക്കുമ്പോൾ സ്റ്റിയറിങ്ങിൽ തലതാഴ്ത്തി കിടക്കുകയായിരുന്നു യുവാവ്. പൊലീസ് സംഘത്തിലെ എസ്.സി.പി.ഒ ജോബിൻ ജോൺ, ഡ്രൈവറുടെ ഡോറിന്റെ ഗ്ലാസിൽ തട്ടിവിളിച്ചപ്പോൾ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
അവശനിലയിലായ സോനുവിനെ പൊലീസ് സംഘത്തിലുണ്ടായിരുന്ന ജോബിൻ ജോൺ, സജി ഇസ്മായിൽ, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്ന് കാറിന്റെ പിൻസീറ്റിൽ കിടത്തി. കണ്ട്രോൾ റൂം വാഹനത്തിന്റെ ഡ്രൈവർ എ.എസ്.ഐ സജി ഇസ്മായിൽ കാർ, ഒട്ടും സമയം പാഴാക്കാതെ അതിവേഗം ഓടിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നാലെ ജോബിൻ ജോൺ പോലീസ് വാഹനം ഓടിച്ചെത്തി. സി.പി.ഒ മുഹമ്മദ് ഷഫീക്കും ഒപ്പമുണ്ടായിരുന്നു. മൂന്നു മിനിറ്റിനുള്ളിലാണ് കുമ്പഴയിൽനിന്നും പൊലീസ് ഡ്രൈവർ സജി ഇസ്മായിൽ യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ജീവൻ അപകടനിലയിലായ സമയത്ത് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയ പോലീസ് സംഘത്തിനോട് ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ് സോനുവിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.