മസ്കത്ത്: ജൂൺ 19 ഇന്ത്യക്ക് വായനാദിനമാണ്. കേരളത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരൻ പി.എൻ. പണിക്കരുടെ ഓർമ പുതുക്കുന്ന ദിനം. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന പി.എൻ. പണിക്കരുടെ മഹത്തായ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാചരണം. വായനയും സാക്ഷരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ദേശീയ വായനാ മാസാചാരണമായി ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം ആചരിച്ചുവരുന്നുണ്ട്.
മറുനാടുകളിലെ മലയാളികളും വായനാദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പ്രവാസലോകത്ത് മലയാളിയുടെ വായനാശീലത്തെ അക്ഷരക്കൂട്ടിന്റെ വളമിട്ട് വളർത്തിയ, സാംസ്കാരിക ഇടപെടലുകളെ സജീവമാക്കിയ ഒമാനിലെ ഗ്രന്ഥശാലയായ ‘അൽബാജി’നും ഇത് വായനയുടെ പുതുകാലമാണ്. അഞ്ചു പതിറ്റാണ്ടോളം നീണ്ട അക്ഷര സപര്യയിൽ ഒട്ടേറെ സാംസ്കാരിക ചലനങ്ങളാണ് അൽബാജിന് കീഴിൽ അടയാളപ്പെടുത്തിയത്. ഇത്തവണയും പുസ്തക ലോകത്തെ പുതിയ വിശേഷങ്ങളും വായനാനുഭവങ്ങളും പങ്കുവെക്കാൻ അക്ഷര സ്നേഹികളായ പ്രവാസി മലയാളികൾ വായനാദിനമായ വെള്ളിയാഴ്ച രാത്രി ഏഴിന് റൂവിയിലെ സി.ബി.ഡിയിലെ അൽബാജിൽ ഒത്തുകൂടും.
കേരളത്തിൽനിന്ന് പ്രവാസ കുടിയേറ്റം സജീവമായിത്തുടങ്ങുന്ന 1969-70 കാലഘട്ടത്തിലാണ് ത്രീസ്റ്റാർ കോർപറേഷന് കീഴിൽ ഒമാനിൽ മലയാള പുസ്തകശാല എന്ന ആശയവുമായി പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അബ്ദുൽ കരീം രംഗത്തുവരുന്നത്. ആദ്യ കാലത്ത് നാട്ടിൽ അച്ചടിക്കുന്ന മലയാള പത്രങ്ങളും വാരികകളും ബോംബെ വഴി വിമാനത്തിൽ എത്തിക്കുകയായിരുന്നു. ബന്ധുവായ അബ്ദുൽകരീമിന്റെ സ്ഥാപനത്തിലേക്ക് 1987 ലാണ് താൻ എത്തുന്നതെന്ന് അൽബാജ് ബുക്സിന്റെ സാരഥി പി.എം.ഷൗക്കത്തലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
‘പ്രവാസി മലയാളികൾ അക്കാലത്തും പത്രങ്ങളും വാരികകളുമെല്ലാം നന്നായി വായിക്കുന്നവരായിരുന്നു. മറ്റു വിനോദാപാധികൾ കുറവായതിനാൽ ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളിൽ വായനതന്നെയാണ് മുഖ്യം. പത്ര-ആനുകാലികങ്ങൾ ആയിരക്കണക്കിന് കോപ്പികളാണ് അന്നു നമ്മൾ എത്തിച്ചിരുന്നത്. പിന്നീട് പുസ്തകങ്ങളും എത്തിച്ചു തുടങ്ങി. അങ്ങനെയാണ് 1990 ൽ ആദ്യത്തെ ലൈബ്രറി ആരംഭിക്കുന്നത്. ചെറിയൊരു അംഗത്വഫീസും പുസ്തക വാടകയും മാത്രം ഈടാക്കി പ്രവാസികൾക്ക് വായനക്കായി പുസ്തകങ്ങൾ ലഭ്യമാക്കി. ഗൾഫ് നാടുകളിൽ അക്കാലത്ത് വേറെ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണെന്ന് ഷൗക്കത്തലി പറഞ്ഞു.
1990 കളോടെ ‘ഗൾഫ് മാധ്യമം’ ഒമാനിൽ വിതരണത്തിനെത്തിയിരുന്നു. 1992ൽ സ്ഥാപനം തന്റെ ഉത്തരവാദിത്തത്തിൽ വന്നതോടെ പുസ്തക വിതരണവും വിൽപനയും വിപുലമാക്കി. ഇന്ന് മലയാളത്തിന് പുറമെ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായി ആയിരക്കണക്കിന് പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നുണ്ട്. വിവിധരാജ്യങ്ങളിലെ പ്രസാധകരുമായി ബന്ധം സ്ഥാപിക്കാനായതും നേട്ടമായതായും സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒമാനിലണ് അറബി സാഹിത്യങ്ങൾ കൂടുതലായും വിറ്റുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡിജിറ്റൽ യുഗത്തിൽ വായന മരിക്കുകയാണെന്ന പ്രസ്താവനയിൽ കഴമ്പില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വായനക്കാരന്റെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടാവുകയും വായനക്കാരന്റെ അഭിരുചികളിൽ മാറ്റമുണ്ടാവുകയും ചെയ്തതതല്ലാതെ വായന ഇല്ലാതായിട്ടില്ല. പുതിയ തലമുറയിൽ പുസ്തകങ്ങളുടെ ആസ്വാദന തലത്തിൽ കാര്യമായ അന്തരം വന്നിട്ടുണ്ട്. അതേസമയം, വായന വളരുകയാണെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ- വായന ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള പുസ്തക വായനയെ അതൊരിക്കലും ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.