അഭിരാമിയുടെ അടുത്ത കൂട്ടുകാരിയെ കെട്ടിപ്പിടിച്ച്​ കരയു​ന്ന അമ്മ രജനി

ഓർമകൾക്ക്​ അവിരാമം; അഭിരാമി യാത്രയായി

പെരുനാട്: തെരുവുനായ് കടിച്ചതിനെത്തുടർന്ന് പേവിഷബാധയേറ്റ് മരിച്ച മന്ദപ്പുഴ ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമിക്ക് (12) കണ്ണീരോടെ വിടനൽകി നാട്. കോരിച്ചൊരിയുന്ന മഴയിലും അവസാനമായി അഭിരാമിയെ ഒന്ന് കാണാൻ മന്ദപ്പുഴ ചേർത്തലപ്പടിയിലെ ഷീന ഭവനിലേക്ക് നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് റാന്നി മാർത്തോമ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. മാതാവ് രജനിയെയും പിതാവ് ഹരീഷിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. ഇടക്ക് അവർ മോഹാലസ്യപ്പെട്ടു.

രജനിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചിരുന്ന ഹരീഷിനും പലപ്പോഴും നിയന്ത്രണംവിട്ടു. കുഞ്ഞനുജൻ കാശിനാഥ‍‍െൻറ വിതുമ്പൽ ഇതിനിടെ പ്രകൃതിയെപ്പോലും കരയിപ്പിച്ചു. വല്ല്യച്ചൻ ശശിയും വല്ല്യമ്മ കമലമ്മയും നിയന്ത്രിക്കാനാകാതെ വിങ്ങിപ്പൊട്ടി. സ്കൂളിലെ അധ്യാപകരും സഹപാഠികളും കണ്ണീരിൽ കുതിർന്ന യാത്രയാക്കുമ്പോൾ കണ്ടുനിന്നവർക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

നാട്ടുകാർ കുട്ടിയെ ഒരുനോക്ക് കാണാൻ ഇടമുറിയാതെ എത്തിക്കൊണ്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അടുത്ത ബന്ധുക്കളും മറ്റും പാടുപെട്ടു. മറ്റ് പ്രദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തി. മണിക്കൂറുകൾക്കുശേഷം 11.30 ഓടെ സംസ്കാരത്തിന് എടുക്കുമ്പോഴും പുറത്ത് കാണാൻ പലരും കാത്തുനിന്നിരുന്നു. പ്രമോദ് നാരായൺ എം.എൽ.എ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും വിവിധ സാമൂഹിക സംഘടന നേതാക്കളും സംസ്കാര ചടങ്ങിനെത്തിയിരുന്നു. 

Tags:    
News Summary - The memories are endless; Abhirami has departed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.