കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ പ്രതിദിന വരുമാനം 10 ലക്ഷമായി ഉയർന്നു

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ പ്രതിദിന വരുമാനം 10 ലക്ഷത്തിലേറെയായി ഉയർന്നു.

ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സ്വിഫ്റ്റ് സർവിസുകൾക്കാണ്. ഇതിൽ ബംഗളൂരു സർവിസിനാണ് കൂടുതൽ വരുമാനം. ശരാശരി 90,000 രൂപവരെ ബംഗളൂരു സർവിസിൽനിന്ന് ലഭിക്കുന്നുണ്ട്.

കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ വരുമാനം വീണ്ടും വർധിക്കുമെന്ന് ഡി.ടി.ഒ പറഞ്ഞു. പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ ചെയിൻ സർവിസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. 15 മിനിറ്റ് ഇടവിട്ട് ബസുകൾ സർവിസ് നടത്തും. കോവിഡിനെ തുടർന്ന് ചെയിൻ സർവിസ് നിർത്തിവെച്ചിരിക്കുകയായിരുന്നു.

ആറന്മുള-കോഴഞ്ചേരി വഴിയാകും സർവിസ്. മുടങ്ങിക്കിടക്കുന്ന തിരുനെല്ലി, വഴിക്കടവ് സർവിസുകളും ജൂൺ ആദ്യംമുതൽ പുനരാരംഭിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കാനായി പത്തനംതിട്ടയിൽനിന്ന് ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമൺ സർവിസും അടുത്തമാസം ആദ്യം ആരംഭിക്കും.

വിനോദസഞ്ചാരികൾക്ക് താൽപര്യമേറുന്ന തരത്തിലാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളതെന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു. ഭക്ഷണം, താമസം ഉൾപ്പെടെയുള്ള 2200 രൂപയുടെ പാക്കേജാണ് തയാറാക്കിയിട്ടുള്ളത്.

34 കടമുറികൾ ലേലംചെയ്യും

വാണിജ്യ സമുച്ചയത്തിലെ 34 കടമുറികളുടെ ലേലനടപടികളും ആയിട്ടുണ്ട്. മുറികളുടെ തറയുടെ ടൈൽ പണി മാത്രമാണ് അവശേഷിക്കുന്നത്. ഒറ്റ യൂനിറ്റായി പരിഗണിച്ച് ഒരാൾക്ക് പ്രതിമാസ വാടക അടിസ്ഥാനത്തിൽ 15 വർഷത്തേക്ക് ലേലത്തിൽ നൽകുന്നതിനാണ് ഇപ്പോൾ തീരുമാനം. ടെൻഡർ തുറക്കുന്ന തീയതി മേയ് 31 ആണ്. ഒറ്റമുറിക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഒറ്റ മുറികളായി ലേലത്തിൽ നൽകണമെന്ന് വകുപ്പ് മന്ത്രിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാൽ മാത്രമേ ഒറ്റമുറികളായി ലേലത്തിൽ നൽകാൻ കഴിയുകയുള്ളൂ. കൂടുതൽപേർക്ക് നൽകി വാടക പിരിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഒറ്റ യൂനിറ്റായി ലേലത്തിൽ നൽകാൻ തീരുമാനിച്ചത്. ആറുമാസമായി താഴത്തെനിലയിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ കാൻറീന്‍റെ പ്രവർത്തനം അവസാനിച്ചു. ഇതിന്‍റെ ലേലവും പ്രത്യേകം നടക്കും.

14ഓളം ബാത്ത്റൂമുകളും ലേലത്തിൽ നൽകുന്നുണ്ട്. ഗ്രൗണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ പേ ആൻഡ് പാർക്കിങ് അടിസ്ഥാനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നൽകും. ഇതിന്‍റെ ലേലവും നടക്കും. മൂന്നാംനിലയിൽ ഡോർമെറ്ററിയുടെ പണി പുരോഗമിക്കുകയാണ്. 150 ബെഡുകൾ ഇടാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഒരു ബെഡിന് 150 രൂപ നിരക്കിൽ വാടകക്ക് നൽകാൻ കഴിയും. ശബരിമല സീസൺ കാലത്ത് ആളുകൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഇത്. ദൂരസ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ രാത്രിയിൽ തങ്ങി പുലർച്ച യാത്രതുടങ്ങുന്നതിനും ഇത് സൗകര്യമാണ്. കൂടാതെ മറ്റ് അവസരങ്ങളിലും വാടകക്ക് നൽകാൻ കഴിയും. ഇപ്പോൾ നഗരത്തിൽ ഹോട്ടലുകളിൽ താമസിക്കുന്നതിന് വലിയതുകയാണ് വാടകയായി വാങ്ങുന്നത്. കെ.എസ്.ആർ.ടി.സിയിൽ ഡോർമെറ്ററി പ്രവർത്തന സജ്ജമാകുന്നതോടെ പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.

ഷോപ് ഓണ്‍ വീല്‍ പദ്ധതി ഉടൻ ഒരുക്കും

ഉപയോശൂന്യമായ കെ.എസ്.ആര്‍ടി.സി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട - ഭക്ഷണശാലകളാക്കി മാറ്റുന്ന ഷോപ് ഓണ്‍വീല്‍ പദ്ധതി ഉടൻ പത്തനംതിട്ട ഡിപ്പോയിൽ ഒരുക്കും. കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒന്നേകാൽ ലക്ഷം രൂപ ഡിപ്പോസിറ്റ് തുകയായും 20,000 രൂപ വാടകയും നൽകേണ്ടി വരും. കച്ചവട ആവശ്യത്തിനായി ബസുകൾ രൂപമാറ്റം വരുത്താൻ അനുവദിക്കും. പത്തനംതിട്ട ഡിപ്പോയിൽ ആദ്യഘട്ടത്തിൽ ഇത്തരത്തിൽ മൂന്നു ബസുകൾ സജ്ജമായിട്ടുണ്ട്. ഇതിന് ആവശ്യക്കാർ എത്തിയിട്ടുണ്ട്.

മില്‍മ, ഭക്ഷ്യശാല, കുടുംബശ്രീ കഫേ, ഹോര്‍ട്ടി കോപ്പിന്‍റെ പച്ചക്കറി വിപണനം തുടങ്ങി വിവിധ കച്ചവടങ്ങൾ തുടങ്ങാം. ഈ പദ്ധതി വ്യാപകമാക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമിടുകയാണ് കെ.എസ്.ആർ.ടി.സി കമേഴ്സ്യൽ വിഭാഗം.സര്‍വിസ് യോഗ്യമല്ലാത്ത പഴയ ബസുകളുടെ പുനരുപയോഗ സാധ്യത ഇതിലൂടെ പ്രയോജനപ്പെടുത്തക കൂടിയാണ്.

ഗ്രാമവണ്ടികൾ ഓടിത്തുടങ്ങും

യാത്രാക്ലേശം രൂക്ഷമായ ഗ്രാമീണ റൂട്ടുകളിൽ പൊതുജനങ്ങൾക്ക് ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതിനായി ഗ്രാമവണ്ടി സൗകര്യവും ഉടൻ ഏർപ്പെടുത്തും. പത്തനംതിട്ട നഗരസഭ, നാരങ്ങാനം പഞ്ചായത്ത് എന്നിവ ഇതിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്രാമീണ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി നിർദേശിക്കുന്ന ഉപാധികളോടെയാണ് സർവിസ്. ഗ്രാമവണ്ടിയുടെ ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. ജില്ലയിൽ ബസ് സർവിസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും ഗ്രാമവണ്ടി ഏറെ പ്രയോജനം ചെയ്യും. 

Tags:    
News Summary - The daily income of KSRTC Pathanamthitta depot has increased to 10 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.