പത്തനംതിട്ട: ആളുകളെ ഭീഷണിപ്പെടുത്തി കവർച്ചയും കഞ്ചാവ് വിൽപനയും നടത്തുന്ന യുവാവ് കൈത്തോക്കുമായി പൊലീസ് പിടിയിൽ. പത്തനംതിട്ട ആനപ്പാറ ചുട്ടിപ്പാറ വടക്കേച്ചരുവിൽ നൗഫലാണ് (31) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധെൻറയും പത്തനംതിട്ട ഡിവൈ.എസ്.പി, എസ്. നന്ദകുമാറിെൻറയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മേലെവെട്ടിപ്രം തൈക്കാവ് റോഡിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് തേക്കും സ്റ്റീൽ നിർമിത കത്തിയും മറ്റുമായി പിടിയിലായത്.
ഡാൻസാഫ് സംഘത്തിലെ പൊലീസുദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു. ഒറ്റക്ക് താമസിക്കുന്ന വീടിന്റെ മുകളിലെ നിലയിലെ മുറിയിൽനിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. തമിഴ്നാട് കാഞ്ചീപുരം ജില്ലയിൽ ധനകാര്യ സ്ഥാപന ഉടമയെ പണാപഹരണ ശ്രമത്തിനിടെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് കൂവത്തൂർ പൊലീസ് 2015ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് നൗഫൽ.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിരവധി കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പിസ്റ്റൾ എവിടെനിന്ന് ലഭിച്ചു, കൂട്ടാളികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
രണ്ട് വെടിയുണ്ട നിറച്ചനിലയിലായിരുന്നു. ഇന്ത്യൻ നിർമിത പിസ്റ്റൾ ഡൽഹിയിൽനിന്ന് വാങ്ങിയതാണെന്നും കഞ്ചാവ് കടത്തുമ്പോൾ സുരക്ഷക്ക് കൈയിൽ കരുതാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. എസ്.ഐ അനൂപ്, ഡിവൈ.എസ്.പി ഓഫിസിലെ എസ്.ഐ സുരേഷ് കുമാർ, ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.