അടൂർ: വൻ തീപിടിത്തമുണ്ടായാൽ അടൂർ അഗ്നിരക്ഷ യൂനിറ്റ് വിയർക്കും. കാഴ്ചക്കായി നിരന്ന് മൂന്ന് വാഹനങ്ങളുണ്ടെങ്കിലും തീയണക്കാൻ സജ്ജമായുള്ളത് ഒരെണ്ണം മാത്രം. ഇതിൽ രണ്ടെണ്ണം 15 വർഷം പഴക്കമുള്ളതിനാൽ നിരത്തിലിറക്കാൻ കഴിയില്ല. ലേല നടപടി നേരിടുന്ന ഈ വാഹനങ്ങൾ എം.സി റോഡിന്റെ ഓരത്ത് തുരുമ്പെടുക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് മണക്കാലായിലെ സൂപ്പർ മാർക്കറ്റ് അർധരാത്രിയോടെ തീപിടിച്ചപ്പോൾ ശാസ്താംകോട്ട, കൊട്ടാരക്കര, പത്തനംതിട്ട എന്നീ യൂനിറ്റുകളിൽനിന്നുള്ള ഫയർ എൻജിനുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ജീപ്പ്, ആംബുലൻസ്, അഡ്വാൻസ് റെസ്ക്യൂ ടെൻഡർ, ഡിങ്കി കൊണ്ടുപോകാറുള്ള മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ എന്നിവയുണ്ടെങ്കിലും പുതിയ ഫയർ എൻജിൻ ലഭ്യമാക്കാത്തത് അടൂർ യൂനിറ്റിനെ തളർത്തുന്നു.
പുതിയ യൂനിറ്റ് ലഭ്യമാക്കണമെന്നാവശ്യം ഉന്നയിച്ചെങ്കിലും ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളാണ് ലഭ്യമാക്കിയത്. വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങളും ഏറ്റവും കൂടുതൽ വാഹന അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്നതും ഇവിടെയാണ്. ചില മാസങ്ങളിൽ എഴുപതിലധികം തീപിടിത്തങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
എം.സി റോഡ്, കെ.പി.റോഡ്, ചവറ - പത്തനംതിട്ട- ശബരിമല റോഡുകളുടെ സംഗമസ്ഥലം കൂടിയാണ് അടൂർ. അതിനാൽ കൂടുതൽ സജ്ജീകരണങ്ങളുള്ള വാഹനങ്ങളും ഫയർ എൻജിനുകളും ലഭ്യമാക്കണമെന്നാവശ്യം ശക്തമാണ്.
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിശമന നിലയത്തിൽ രണ്ട് വാഹനങ്ങൾ ഇടാനുള്ള ഷെഡ്മാത്രമാണുള്ളത്. അതിനാൽ അനുവദിക്കുന്ന പുതിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മഴയും വെയിലുമേറ്റ് പുറത്തിടേണ്ട അവസ്ഥയിലാണ്.
പന്നിവിഴയിൽ ഫയർ സ്റ്റേഷനുവേണ്ടി പണിക്ക് തുടക്കമിട്ടെങ്കിലും പദ്ധതി ഇഴയുകയാണെന്ന് പരാതിയുണ്ട്. പുതുതായി അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ വലിയ തീപിടിത്തത്തെ നിയന്ത്രിക്കാൻ പര്യാപ്തമായ ശേഷിയില്ല. 1500 ലിറ്റർ വെള്ളവും 300 ലിറ്റർ ഫോമും സംഭരിക്കാൻ മാത്രമേ ശേഷിയുള്ളൂ. ചെറിയ തീപിടിത്തങ്ങൾക്ക് മാത്രമേ ഈ വാഹനം ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ചെറിയ വഴികളിലൂടെ പോയി രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന സവിശേഷതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.