പത്തനംതിട്ട: കൊടുമൺ റൈസ് മില്ലിൽ ഭക്ഷ്യഉൽപന്നങ്ങളുടെ നിർമാണം തുടങ്ങുമെന്നതടക്കം പ്രഖ്യാപനവുമായി ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് പ്രകടന പത്രിക. ജില്ലയുടെ സമഗ്രപുരോഗതിക്കു നടപ്പാക്കുന്ന കർമപരിപാടിയാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അഞ്ചുവർഷം അധികാരത്തിലിരുന്ന എൽ.ഡി.എഫ് ഭരണസമിതി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രാധാന്യമുള്ള ചില പദ്ധതികളുടെ തുടർപ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കുമെന്നും അവർ പറഞ്ഞു. ജില്ല പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചു വർഷവും തുടരണമെന്നാണ് ആഗ്രഹമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. എന്നാൽ ഘടകകക്ഷി താൽപര്യവും കൂടി സംരക്ഷിക്കേണ്ടതുണ്ട്.
പ്രസിഡന്റും വൈസ് പ്രസിഡന്റും മാറുന്നത് ഭരണത്തെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ് എന്നിവരും പങ്കെടുത്തു.
മറ്റു പ്രധാന വാഗ്ദാനങ്ങൾ
- കുന്നന്താനം കിൻഫ്ര പാർക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ ഫാക്ടറി വികസിപ്പിച്ച് പ്ലാസ്റ്റിക് ഉപകരണങ്ങൾ നിർമിക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാക്കും
- തിരുവല്ല പുളിക്കീഴിലെ എ.ബി.സി കേന്ദ്രം ഉടൻ തുറക്കും
- ജില്ല പഞ്ചായത്ത് ആരംഭിച്ച ‘നമ്മളെത്തും മുന്നിലെത്തും’, ‘മുന്നോട്ട്’ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും
- ഹൃദയം, കിഡ്നി, കരൾ എന്നീ അവയവങ്ങൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകുന്ന പദ്ധതി കൂടുതൽ മെച്ചപ്പെടുത്തും
- ലൈഫ് ഭവന നിർമാണ പദ്ധതിക്ക് കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ നിർമിക്കും
- വിജ്ഞാന കേരളം പദ്ധതിയിൽ ഓരോ വർഷവും 5,000 ൽ അധികം പേർക്ക് തൊഴിൽ നൽകും
- ജില്ല പ്ലാനിങ് കമ്മിറ്റി നേത്യത്വത്തിൽ ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് വിവിധ വികസന മേഖലകളിൽ ജില്ല പ്ലാൻ
- അടൂർ, പുല്ലാട് കൃഷി ഫാമുകൾ വികസിപ്പിക്കാൻ പദ്ധതി
- വയോസൗഹൃദ ജില്ല
- ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് വിനോദസഞ്ചാര പദ്ധതികൾ.
- ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാൻഡ് നൽകുന്ന പദ്ധതി കൂടുതൽ കാര്യക്ഷമമാക്കും. വഞ്ചിപ്പാട്ട് പഠനകളരിക്കും സഹായം.
- പട്ടിക വിഭാഗങ്ങൾക്ക് കൂടുതൽ ക്ഷേമ പദ്ധതികൾ
- സർക്കാർ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കാൻ പദ്ധതി.
- കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.