തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കാന്‍ രണ്ടു നാള്‍ കൂടി

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് നാള്‍ കൂടി. നവംബര്‍ 21 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നവര്‍ 4000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് പത്രികയോടൊപ്പം കെട്ടിവെക്കേണ്ടത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പകുതി തുക മതിയാകും. സ്ഥാനാര്‍ഥിക്ക് നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടിസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. ബധിരമൂകനായിരിക്കരുത്. നാമനിര്‍ദേശം ചെയ്യുന്ന ആൾ അതേ വാര്‍ഡിലെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് മൂന്നു സെറ്റ് പത്രിക സമര്‍പ്പിക്കാം. റിട്ടേണിങ്/ അസി. റിട്ടേണിങ് ഓഫിസര്‍ മുഖേനയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.

സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 നു നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24ആണ്.

ലഭിച്ചത് 1109 നാമനിര്‍ദേശ പത്രിക

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1109 നാമനിര്‍ദേശ പത്രിക. ജില്ല പഞ്ചായത്തിലേക്ക് എട്ടും നഗരസഭകളിലേക്ക് 16ഉം ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 99ഉം ഗ്രാമപഞ്ചായത്തുകളിലേക്ക് 986ഉം പത്രികയാണ് ലഭിച്ചത്. ജില്ല പഞ്ചായത്തിലേക്ക് കോയിപ്രം ഡിവിഷനില്‍ രണ്ടും പുളിക്കീഴ്, മല്ലപ്പള്ളി, റാന്നി അങ്ങാടി, മലയാലപ്പുഴ, പ്രമാടം, കുളനട ഡിവിഷനില്‍ ഒന്ന് വീതവും പത്രിക ലഭിച്ചു.

ലഭിച്ച പത്രികകൾ:

ഗ്രാമപഞ്ചായത്ത്- പ്രമാടം-70, കുന്നന്താനം-52, ആനിക്കാട്- 51 , പള്ളിക്കല്‍-46, കടപ്ര- 42, വടശേരിക്കര- 41, റാന്നി അങ്ങാടി- 36, പന്തളം തെക്കേക്കര- 35, വള്ളിക്കോട്- 35, കലഞ്ഞൂര്‍- 35, അരുവാപ്പുലം- 34, ഏഴംകുളം- 32, ഏറത്ത്- 30, നാരങ്ങാനം- 29, കവിയൂര്‍- 28, പുറമറ്റം- 27, മൈലപ്ര- 26, ഇലന്തൂര്‍- 25, കോന്നി- 24, നാറാണംമൂഴി- 24, നിരണം- 23, ആറന്മുള- 23, എഴുമറ്റൂര്‍- 23, വെച്ചൂച്ചിറ- 21, നെടുമ്പ്രം- 21, അയിരൂര്‍- 19, മെഴുവേലി- 18, ചെറുകോല്‍- 17, മലയാലപ്പുഴ- 16, മല്ലപ്പുഴശേരി- 15, ഓമല്ലൂര്‍- 13, കടമ്പനാട്- 11, റാന്നി- 10, കൊറ്റനാട്- 8, ഏനാദിമംഗലം- 6, കുളനട- 6, കോട്ടാങ്ങല്‍-4 തോട്ടപ്പുഴശേരി-4, കോഴഞ്ചേരി- 3, ചിറ്റാര്‍- 2, തണ്ണിത്തോട്- 1
ബ്ലോക്ക്പഞ്ചായത്ത്- പുളിക്കീഴ്-29, കോന്നി- 20, ഇലന്തൂര്‍-13, മല്ലപ്പള്ളി-13 , പന്തളം- 12, കോയിപ്രം- 8, റാന്നി-4
നഗരസഭ:- തിരുവല്ല- 12, അടൂര്‍- 3, പത്തനംതിട്ട- 1

Tags:    
News Summary - Local body elections: Two more days to file nominations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.