ഓണക്കാലത്ത് ജില്ലയിൽ കുടുംബശ്രീ നേടിയത് 1.22 കോടിയുടെ വിറ്റുവരവ്
പത്തനംതിട്ട: ഓണം കുടുംബശ്രീയോടൊപ്പം എന്ന ടാഗ് ലൈനോടെ ഓണവിപണിയിൽ കളം പിടിക്കാനിറങ്ങിയ ജില്ല കുടുംബശ്രീ മിഷന് ഇത്തവണയും കോടി കിലുക്കം. ഓണം വിപണന മേളകളും ഒപ്പം ഓണസദ്യ വിളമ്പിയും ഈ ഓണക്കാലത്ത് ജില്ലയിൽ നിന്ന് കുടുംബശ്രീ ആകെ നേടിയത് 1.22 കോടി രൂപയുടെ വിറ്റുവരവ്. ഓണം വിപണന മേളകളിലൂടെ മാത്രം 78.97ലക്ഷം രൂപയുടെ കച്ചവടം നടത്തി. ഓണസദ്യ വിളമ്പിയതിലൂടെയും കുടുംബശ്രീ നേട്ടം കൊയ്തു. 16.08 ലക്ഷം രൂപയുടെ ഓണസദ്യയാണ് കുടുംബശ്രീ ഓണക്കാലത്ത് വിളമ്പിയത്. കുടുംബശ്രീയുടെ ഉൽപന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് വിറ്റ് നേടിയത് 27.37 ലക്ഷം രൂപ.
സ്വകാര്യ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെയല്ലാം ഓണാഘോഷ പരിപാടികളിൽ സദ്യ വിളമ്പാൻ കുടുംബശ്രീയായിരുന്നു മുന്നിൽ. ഇത്തവണ 6215 ഓർഡറുകളാണ് സദ്യക്ക് ലഭിച്ചത്. ജില്ലയിലെ 58 കുടുംബശ്രീ സി.ഡി.എസുകൾക്ക് കീഴിൽ 99 ഓണ വിപണന മേളകളാണ് ജില്ലയിൽ സംഘടിപ്പിച്ചിരുന്നത്. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംരംഭകർ തയാറാക്കുന്ന ഗുണമേന്മയുള്ള വിവിധ ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മേളകൾ പ്രവർത്തിച്ചത്.
നാടൻ പച്ചക്കറികൾക്ക് പുറമെ അച്ചാറുകൾ, ശർക്കര വിരട്ടിയും കായവറുത്തതും ഉപ്പേരിയുമടങ്ങുന്ന പലഹാരങ്ങൾ, വിവിധയിനം പായസങ്ങൾ, ഓണപ്പൂക്കളം ഒരുക്കാൻ വിവിധ യൂനിറ്റുകൾക്ക് കീഴിൽ കൃഷി ചെയ്ത് ഉൽപാദിപ്പിച്ച പൂക്കൾ എന്നിവ വലിയ തോതിൽ വിറ്റഴിച്ചു. 1716 സൂക്ഷ്മ സംരംഭങ്ങളും 994 ജെ.എൽ.ജികളും മേളയിൽ പങ്കെടുത്തു. മേളയിലൂടെ പ്രാദേശിക കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി സൃഷ്ടിക്കാനും കഴിഞ്ഞു. ജില്ലയിലെ 20 കുടുംബശ്രീ യൂനിറ്റുകൾ വഴിയാണ് ഓണ സദ്യക്ക് ഓർഡറുകൾ സ്വീകരിച്ചത്. കൂടാതെ പൂക്കൾ എത്തിക്കുന്നതിന് നിറപ്പൊലിമയും വിഷരഹിത പച്ചക്കറി വിൽപനക്കായി തുടങ്ങിയ ഓണക്കനി പദ്ധതിയും വൻ വിജയമായിരുന്നു. 89 ഏക്കറോളം സ്ഥലത്തായിരുന്നു പൂകൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.