പത്തനംതിട്ട: കേന്ദ്രസർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനത്തിൽ ജില്ലയിൽനിന്ന് ഏഴ് വില്ലേജുകൾ. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളാണ് പട്ടികയിലുള്ളത്.
കൃഷിയും നിർമാണപ്രവർത്തനങ്ങളുമടക്കം ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഇതോടനുബന്ധിച്ച് ഉണ്ടാകുമെന്ന ആശങ്കയിലാണ് മലയോര ജനത. കഴിഞ്ഞ ആറ് തവണയും പരാതികൾ കാരണം കരട് വിജ്ഞാപനം അന്തിമമാക്കാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ വീണ്ടും ഏഴാമതായാണ് വിജ്ഞാപനം പുറത്തിറക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ജില്ലയിലെ വില്ലേജുകൾ വനമേഖല ഉൾപ്പെട്ടതും അതിനോട് അടുത്തുകിടക്കുന്നവയും വന്യമൃഗശല്യമുള്ളവയുമാണ്. സംസ്ഥാനത്ത് 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്ററാണ് ഇ.എസ്.എയായി ശിപാർശ ചെയ്യപ്പെട്ടത്. സെപ്തംബർ 25നുള്ളിൽ പരാതികൾ അറിയിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. കരട് വിജ്ഞാപനം അന്തിമമായാൽ കൃഷി അവസാനിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് കർഷകർ.
ഇ.എസ്.എയിൽ ഉൾപ്പെടുന്ന മേഖലയിലെ കൈവശഭൂമികളില്‍ കൃഷിയിറക്കുന്നതിനും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. ചരിവുള്ള സ്ഥലങ്ങളില്‍ മരംമുറിക്കാനും കൃഷിയിറക്കാനും തടസ്സമുണ്ടാകുമെന്നതും കർഷകരുടെ പ്രധാന ആശങ്കയാണ്. പരിസ്ഥിതിലോല പ്രദേശമെന്ന നിയന്ത്രണം വരുന്നതോടെ പ്രദേശത്തെ ജനങ്ങൾക്ക് ഭൂമി ന്യായമായ വിലക്ക് വിൽക്കാനോ പകരം മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനോ സാധിക്കാത്ത സാഹചര്യം ഉണ്ടാകും. ഇക്കാര്യങ്ങളിലൊക്കെ സംസ്ഥാന സർക്കാറിന്റെ നിലപാട് നിർണായകമാണ്. വിജ്ഞാപനത്തിൽ അടിയന്തരമായി തിരുത്തൽ വരുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. വില്ലേജിലെ ഏതെങ്കിലും ഒരു പ്രദേശം പരിസ്ഥിതിലോല മേഖലയാണെന്ന കാരണത്താൽ ആ വില്ലേജിനെ മുഴുവനായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് വലിയ തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.