ഭക്തിനിറവിൽ ഇന്ന് ആറന്മുളയിൽ ഉത്രട്ടാതി ജലമേള; അണിനിരക്കുന്നത് 51 പള്ളിയോടങ്ങൾ

പത്തനംതിട്ട: ദൃശ്യചാരുതയിൽ പമ്പക്ക് പുളകമായി ഞായറാഴ്ച ആറന്മുള ഉത്രട്ടാതി ജലമേള. ഭക്തിനിറവിൽ അരങ്ങേറുന്ന ജലമേളയിൽ ആറന്മുള ഭഗവാന്‍റെ പൊന്നുകെട്ടിയ 51 പള്ളിയോടങ്ങൾ അണിനിരക്കും. വർഷങ്ങൾക്ക് ശേഷം ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഞായറാഴ്ച ഉച്ചക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ ജലമേള ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഉപരാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും കൂടാതെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, റോജി എം. ജോൺ, കൊടിക്കുന്നിൽ സുരേഷ് എം.പി, ആന്‍റോ ആന്‍റണി എം.പി, എം.എൽ.എമാരായ അബിൻ വർക്കി പഴകുളം മധു, വർഗീസ് മാമൻ, സജി ചെറിയാൻ, സി.വി. ശാന്തകുമാർ, കെ.യു. ജെനീഷ് കുമാർ, എം.എസ്. അരുൺ കുമാർ എന്നിവരും പങ്കെടുക്കും.

ആറന്മുള പാർഥസാരഥി ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം ഘോഷയാത്ര വാദ്യമേളങ്ങളോടെ രാവിലെ 9.30ന് സത്ര പവിലിയനിൽ എത്തിച്ചേരും. തുടർന്ന് കലക്‌ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും. ഉച്ചക്ക് 1.30 ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രക്ക് ഏറ്റവും മുന്നിലായി തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ബി ബാച്ചിലെ 8 പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽനിന്ന് ആരംഭിച്ച് താഴെ സത്രപവിലിയനുമുന്നിൽ ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്ര നീങ്ങും. ബാക്കി ബി ബാച്ച് പള്ളിയോടങ്ങൾ എ ബാച്ച് പള്ളിയോടങ്ങൾക്ക് മുന്നിലായി ഘോഷയാത്രയിൽ പങ്കെടുക്കും.

ജവാൻകടവിൽനിന്ന് ആരംഭിക്കുന്ന എ ബാച്ച് പള്ളിയോടങ്ങളുടെ ഘോഷയാത്ര വഞ്ചിപ്പാട്ടും, മുത്തുക്കുടകളുമായി 4 പള്ളിയോടങ്ങൾ വീതമുള്ള ബാച്ചുകളായി പവിലിയന് മുന്നിലൂടെ നീങ്ങും. ജലഘോഷയാത്രക്ക് പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചദൃശ്യങ്ങൾ കടന്നുപോകും. ഹെലികോപ്റ്റർ പ്രകടനവും ഉണ്ടാവും.

മൂന്ന് മണിക്ക് മത്സര വള്ളംകളി തുടങ്ങും. 51 പള്ളിയോടങ്ങൾ പങ്കെടുക്കുന്നതിൽ എ ബാച്ചിൽപ്പെട്ട 35 പള്ളിയോടങ്ങളും ബി ബാച്ചിൽപ്പെട്ട 16 പള്ളിയോടങ്ങളും ഉണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന നാല് പള്ളിയോടങ്ങളെ തിരഞ്ഞെടുത്ത് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. ഏറ്റവും നല്ല രീതിയിൽ പാടി തുഴയുന്നവർക്കും ഏറ്റവും നല്ല ചമയം ഉള്ളവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും ഏറ്റവും നല്ല രീതിയിൽ പാടി കളിച്ചു തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.


ആറന്മുള ഉത്രട്ടാതി ജലമേളയിൽ അലങ്കാരത്തോടെ പാടിതുഴഞ്ഞെത്തുന്ന എ, ബി ബാച്ച് പള്ളിയോടങ്ങൾക്ക് സമ്മാനിക്കാൻ ആറന്മുള ഗ്രാമപഞ്ചായത്ത് നൽകുന്ന എവർറോളിങ് ട്രോഫി പഞ്ചായത്ത് അധികൃതർ പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൈമാറുന്നു





 


 

പാർക്കിങ് ഗ്രൗണ്ടുകളിൽനിന്ന് ഡ്രൈവർമാർക്ക് കെ.എസ്.ആർ.ടി.സി സർവിസ്

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്നവരുടെ വാഹനങ്ങൾ പൊലീസ് നിർദേശിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്ത ശേഷം ഈ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്കും സത്രക്കടവ് ഭാഗത്തേക്കും പോകുന്നതിനായി നാല് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തും. ജില്ല പൊലീസ് മേധാവിയുടെ അഭ്യർഥന പ്രകാരം ജില്ല കലക്ടറുടെ ഇടപെടലിലാണ് ഈ സംവിധാനം ഒരുക്കിയത്.

കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കോഴഞ്ചേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ചെങ്ങന്നൂർ മാലക്കര കോഴിപ്പാലം ഭാഗങ്ങളിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽനിന്നും വരുന്ന ഡ്രൈവർമാർക്ക് മാലക്കര ഭാഗത്ത് ബസ് സൗകര്യം ലഭിക്കുന്നതാണ്. പന്തളം കുളനട കിടങ്ങന്നൂർ നാൽക്കാരിക്കൽ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് കിടങ്ങന്നൂർ മുതൽ ബസ് സൗകര്യം ലഭിക്കുന്നതാണ്. പത്തനംതിട്ട ഇലന്തൂർ തെക്കേമല ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് തെക്കേമലയിൽ നിന്നും വാഹന സൗകര്യം ലഭിക്കുന്നതാണ്. ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിന് തടസ്സം വരാത്ത രീതിയിൽ പരമാവധി ഡ്രൈവർമാർക്ക് പ്രയോജനം ലഭിക്കത്തക്ക തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളതെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Water festival in Aranmula today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.