ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യി​ലെ ഘോ​ഷ​യാ​ത്ര​യി​ൽ നിന്നുള്ള ദൃശ്യങ്ങൾ

ആറന്മുള ഉത്രട്ടാതി ജലമേള; കോറ്റാത്തൂരിന് ഹാട്രിക് വിജയം; മേലുകരക്ക് തുടർച്ചയായ രണ്ടാം ജയം

ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇത്തവണ എ ബാച്ചിലെ മേലുകരക്ക് തുടർച്ചയായി രണ്ടാം ജയം. ബി ബാച്ചിലെ കോറ്റാത്തൂർ കൈതക്കോടിക്ക് ഹാട്രിക് വിജയവും. കോറ്റാത്തൂർ കൈതക്കോടി ഇതിനകം 20 തവണയാണ് ഉത്രട്ടാതി ജലമേളയിൽ വിജയിക്കുന്നത്. മേലുകരയും ഇതിന് മുമ്പ് പല തവണ വിജയിച്ച് മന്നം ട്രോഫി നേടിയിട്ടുണ്ട്.

2025ൽ മേലുകര കരക്കാർ പുതുതായി നിർമിച്ച് നീറ്റിലിറക്കിയ പള്ളിയോടം ആദ്യ മത്സരത്തിൽ തന്നെ ജേതാക്കളായി. എബിൻ ഉണ്ണിക്കൃഷ്ണൻ ക്യാപ്റ്റനായ പള്ളിയോടം 35 ലക്ഷം രൂപ ചെലവിലാണ് 2025ൽ മേലുകര പള്ളിയോട സംരക്ഷണസമിതി പുതിയ പള്ളിയോടം നിർമിച്ചു നീറ്റിലിറക്കിയത്.

ആവേശമായി മാറിയ പള്ളിയോടത്തിൽ തുഴയെറിയാൻ ഇക്കുറി പരിശീലനം നേടിയ കരക്കാരെയാണ് ഉൾക്കൊള്ളിച്ചത്. യുവാക്കളായിരുന്നു ഇവരിലേറെയും. താളത്തിനൊത്ത് തുഴഞ്ഞ് പ്രാഥമികപാദം മുതൽ മികച്ച പ്രകടനമാണ് മേലുകര പള്ളിയോടത്തിൽ നിന്നുണ്ടായത്.

ബി ബാച്ചിൽ ഒന്നാമതെത്തിയ കോറ്റാത്തൂർ-കൈതക്കോടി പള്ളിയോടം 2024, 2025 വർഷങ്ങളിലും ആറന്മുളയിൽനിന്നു മന്നം ട്രോഫി കരസ്ഥമാക്കിയവരാണ്. ഇത്തവണ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ വന്മഴി, തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങളെ പിന്തള്ളിയാണ് കോറ്റാത്തൂർ-കൈതക്കോടി കരക്കാർ മുന്നിലെത്തിയത്. രണ്ടാം സ്ഥാനം വൻമഴിക്കാണ്. തോട്ടപ്പുഴശേരി, മംഗലം പള്ളിയോടങ്ങൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. ലൂസേഴ്സ് ഫൈനൽ ഒഴിവാക്കിയതിനൽ പുതുക്കുളങ്ങര, ചെന്നിത്തല, ഇടക്കുളം, ഇടപ്പാവൂർ പള്ളിയോടങ്ങൾക്ക് അഞ്ച് മുതൽ എട്ടുവരെ സ്ഥാനങ്ങൾ നൽകി.

കോറ്റാത്തൂർ ദേവീവിലാസം ഭരണസമിതിയുടെ ഉടമസ്ഥതയിലാണ് കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടം. അശ്വിൻ രാജീവാണ് ക്യാപ്റ്റൻ. ഇത് 19 ാം തവണയാണ് കരക്കാർ മന്നം ട്രോഫി നേടുന്നത്.

പാടി തുഴച്ചിലും ചമയങ്ങളുമൊക്കെ നിലനിർത്തി പാരമ്പര്യത്തനിമ നഷ്ടപ്പെടാതെ നടത്തിയ വള്ളംകളി ഇത്തവണ പൂർണമായും മത്സരാധിഷ്ഠിതമായിരുന്നു. ഫലനിർണയം കുറ്റമറ്റതാക്കുന്നതിനായി സംഘാടകർ ഇത്തവണ ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെയാണ് വിജയികളെ നിശ്ചയിച്ചത്.

കൂലിതുഴച്ചിൽകാരെ ഒഴിവാക്കുന്നതിനായി തുഴച്ചിൽകാരുടെ വിഡിയോ പകർത്തിയതടക്കമുള്ള നടപടികൾ ഫലംകണ്ടു എന്നുവേണം കരുതാൻ. നിശ്ചിത സമയത്ത് പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ ലൂസേഴ്സ് ഫൈനൽ മത്സരവും ഒഴിവാക്കിയിരുന്നു. പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും കുറഞ്ഞ സമയമെടുത്ത നാല് വള്ളങ്ങൾ വീതമാണ് രണ്ട് ബാച്ചിലും ഫൈനലിൽ മത്സരിച്ചത്. രണ്ട് ബാച്ചിലെയും ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒരു മണിക്കൂർ വൈകി 6.30ഓടെയാണ് മത്സരങ്ങൾ അവസാനിച്ചത്.

Tags:    
News Summary - Aranmula Uthrattathi Water Regatta: Kottathur Secures Hat-Trick Win, Melukara Takes Second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-30 04:17 GMT