നിർമാണം മുടങ്ങിക്കിടക്കുന്ന റാന്നി പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
സന്ദർശിക്കുന്നു
പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാത ഒക്ടോബറിൽ പൂർത്തീകരിക്കും –മന്ത്രി മുഹമ്മദ് റിയാസ്
കോന്നി: പുനലൂർ_മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം ഒക്ടോബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുനലൂർ _കോന്നി റീച്ച് കോന്നി_പ്ലാച്ചേരി റീച്ച് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് ഇത് വ്യക്തമാക്കിയത്. നിലവിൽ റോഡ് നിർമാണത്തിന് തടസ്സമായി നിൽക്കുന്ന സ്ഥലത്തെ ഭൂമി ഏറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. നിർമാണ പുരോഗതി വിലയിരുത്തുന്നതിന് ഓരോ മാസവും എം.എൽ.എമാരെ പങ്കെടുപ്പിച്ച് റിവ്യൂ മീറ്റിങ് നടത്തും. കെ.യു. ജനീഷ്കുമാർ എം.എൽ.എ, പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കെ.എസ്.ടി.പി അധികൃതർ, കരാറുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
റാന്നിയിലെ 816 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിക്കും
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 816 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നിയിലെ വിവിധ പൊതുമരാമത്ത് പദ്ധതികൾ വിലയിരുത്താൻ വിളിച്ച യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ബജറ്റ് റീബിൽഡ് കേരള, കിഫ്ബി എന്നീ പദ്ധതികൾ വഴി റാന്നിയിൽ നടക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും.
പുതിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഭരണ സാമ്പത്തിക അനുമതി ലഭിക്കുന്ന മുറക്ക് നിർമാണം ഉടൻ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാനപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്ന് ഉയർന്ന പ്രശ്നങ്ങളും നിർദേശങ്ങളും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ പ്രമോദ് നാരായണൻ എം.എൽ.എ, മുൻ എം.എൽ.എ രാജു എബ്രഹാം, സി.പി.എം ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ആലിച്ചൻ ആറൊന്നിൽ, ജില്ല പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.