പത്തനംതിട്ട: ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം.
- പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ തുടങ്ങിയവ പകല്‍ ഒഴിവാക്കണം.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യണം.
- പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
- മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡമ്പിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത പാലിക്കണം.
- വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളം നല്‍കണം. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. പരീക്ഷ ഹാളിലും ജലലഭ്യത ഉണ്ടാകണം.
- വിദ്യാര്‍ഥികള്‍ക്ക് വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
- അംഗൻവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അംഗൻവാടി ജീവനക്കാരും ശ്രദ്ധിക്കണം.
- കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവർ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം നല്‍കണം.
- പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. 11 മുതല്‍ മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കണം.
- യാത്രയിലേര്‍പ്പെടുന്നവര്‍ കൈയില്‍ വെള്ളം കരുതുക.
- നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ആവശ്യമായ വിശ്രമവും ഉറപ്പ് വരുത്തണം.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം.
- പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ ഇരുത്തി പോകാന്‍ പാടില്ല.
- ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടി സ്വീകരിക്കണം.
- അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം.
- കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണം.
- ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ബ്രോഷറുകള്‍ https://sdma.kerala.gov.in/brochures-2/ ലിങ്കില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.