കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ സെക്രട്ടറിയുടെ ഓഫിസ് ഉപരോധിക്കുന്നു
വ്യാപാര മേളക്ക് അനുമതി; വ്യാപാരികൾ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
പത്തനംതിട്ട: ഹൈകോടതി പെർമിറ്റ് റദ്ദാക്കിയ വ്യാപാരമേള പ്രവർത്തനം തുടരാൻ അനുവദിക്കുന്നതായി ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചു. ഹൈകോടതി ഉത്തരവിന്റെ കോപ്പി ലഭിക്കാതിരുന്നതിനാലാണ് നടപടി വൈകിയതെന്നും, ഉത്തരവ് നടപ്പാക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് വ്യാപാരികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജങ്ഷന് സമീപം പ്രവർത്തിച്ചുവരുന്ന വ്യാപാരമേളക്കെതിരെയാണ് പത്തനംതിട്ടയിലെ വ്യാപാരി സംഘടനകൾ ഹൈകോടതിയെ സമീപിച്ചത്. സംഘടനകളുടെ ഹരജി ഫയലിൽ സ്വീകരിച്ച ഹൈകോടതി കഴിഞ്ഞ മാസം 26ന് വ്യാപാരമേളയുടെ പെർമിറ്റ് റദ്ദാക്കിയിരുന്നു. എന്നാൽ, ഹൈകോടതി ഉത്തരവ് വന്ന് 7 ദിവസം പിന്നിടുമ്പോഴും വ്യാപാരമേള തുടരുന്നതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ വ്യാപാരികൾ പത്തനംതിട്ട മുൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചത്.
സുരക്ഷ മുൻകരുതലുകളടക്കം എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് നിലംനികത്തിയ ഗ്രൗണ്ടിൽ ഷെഡ്ഡ് കെട്ടി ആരംഭിച്ച വ്യാപാരമേളക്ക് പെർമിറ്റ് നൽകില്ല എന്ന് വ്യാപാരി സംഘടനകൾക്ക് വാഗ്ദാനം നൽകിയ മുനിസിപ്പൽ സെക്രട്ടറി പിന്നീട് മേളക്ക് പെർമിറ്റ് നൽകുകയായിരുന്നു എന്ന് വ്യാപാരികൾ പറഞ്ഞു. ഹൈകോടതിയെ സമീപിക്കാൻ പെർമിറ്റിന്റെ കോപ്പി ലഭിക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ഹൈകോടതിയിലെ അഭിഭാഷകനും അഞ്ച് ദിവസം മുനിസിപ്പാലിറ്റിയിൽ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി. വ്യാപാര മേളക്ക് പെർമിറ്റ് നൽകിയതിൽ അഴിമതിയുണ്ടെന്നും വ്യാപാരികൾ ആരോപിച്ചു.
ഹൈകോടതി പെർമിറ്റ് റദ്ദാക്കിയ ശേഷവും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഷെഡ്ഡ് ഉടൻ പൊളിച്ചുനീക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അബു നവാസ് ആവശ്യപ്പെട്ടു. സർക്കാർ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം നടത്തുന്നവരാണ് പത്തനംതിട്ടയിലെ വ്യാപാരികൾ. അത്തരത്തിൽ വ്യാപാരം നടത്താനെത്തുന്ന ആരെയും വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്യുമെന്നും അബൂ നവാസ് പറഞ്ഞു.
ഹൈകോടതി ഉത്തരവ് നഗരസഭ നടപ്പാക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി ഉറപ്പ് നൽകിയതോടെയാണ് വ്യാപാരികൾ സമരം അവസാനിപ്പിച്ചത്. വ്യാപാരി സംഘടനകളുടെ സമരത്തെ തുടർന്ന് പത്തനംതിട്ട പൊലീസ് മുനിസിപ്പൽ സെക്രട്ടറിയുടെ ഓഫിസിന് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. യൂനിറ്റ് സെക്രട്ടറി കെ.സി. വർഗീസ്, ട്രഷറർ പി. ഉല്ലാസ്, എൻ.എം. ഷാജഹാൻ, ശശി ഐസക്ക്, എൻ.എ നൈസാം, ഗീവർ ജോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.