നഗരസഭ കൗൺസിലർമാർ ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിക്കുന്നു
പൈപ്പ് പൊട്ടൽ പതിവ്: അസി. എൻജിനീയറെ ഉപരോധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ
പത്തനംതിട്ട: കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുമ്പോഴും നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർ ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിച്ചു.
ചുരുളിക്കോട്, നന്നുവക്കാട്, വെട്ടിപ്പുറം, അഞ്ചക്കാല, മാക്കാംകുന്ന്, കരിമ്പനാകുഴി, താഴെവെട്ടിപ്പുറം, പെരിങ്ങമല, പൂവമ്പാറ, വഞ്ചികപ്പൊയ്ക, അഴൂർ, കൊടുന്തറ, കല്ലറക്കടവ്, കുമ്പഴ, മൈലാടുപാറ, കുലശേഖരപതി തുടങ്ങി നഗരസഭയുടെ എല്ലാ പ്രദേശത്തും നിരന്തരമായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. ഇതുമൂലം കുടിവെള്ളക്ഷാമം രൂക്ഷമായ ഉയർന്ന പ്രദേശങ്ങളിൽ ആളുകൾക്ക് വെള്ളം എത്തുന്നില്ല.
ഉടൻ നടപടിയെടുക്കാം എന്ന ജല അതോറിറ്റി എ.ഇ, ഓവർസിയർ എന്നിവരുടെ ഉറപ്പിന്മേലാണ് കൗൺസിലർമാർ ഉപരോധ സമരം അവസാനിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് എം.എൽ.എ, ബന്ധപ്പെട്ട മന്ത്രി എന്നിവരെ വിവരങ്ങൾ അറിയിച്ച് പരിഹാരം ഉണ്ടാക്കണമെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി. കെ. അനീഷ് ആവശ്യപ്പെട്ടു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ശോഭ കെ. മാത്യു, കൗൺസിലർമാരായ എം.എൻ. വിജയരാജൻ, ജോജി ശാമുവൽ, അജി കൊച്ചുറാണി, ഷൈനി അഷറഫ്, അജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.