കർഷകനായ സ്കറിയ കൃഷിത്തോട്ടത്തിൽ
മിന്നൽ പ്രളയത്തിലെ കൃഷിനാശം; നഷ്ടപരിഹാരം ലഭിക്കാതെ കുറ്റൂരിലെ കർഷകർ
തിരുവല്ല: മിന്നൽ പ്രളയത്തിൽ നശിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ തിരുവല്ല കുറ്റൂരിലെ കർഷകർ. വെള്ളപ്പൊക്കത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായ കർഷകനായ സ്കറിക്കും 4 ലക്ഷത്തോളം രൂപ നഷ്ടമായ ഗോപിക്കും നഷ്ടപരിഹാരത്തുകയായി ഒരു രൂപ പോലും ലഭിച്ചില്ല. വിള മുഴുവൻ നശിച്ചിട്ടും പ്രതീക്ഷയോടെ വീണ്ടും കൃഷി ആരംഭിച്ചിരിക്കെയാണ് സ്കറിയയും ഗോപിയും മറ്റ് കർഷകരും.
വരട്ടാർ കരകവിഞ്ഞ് എത്തിയ പ്രളയജലമാണ് വൻ കൃഷിനാശത്തിന് ഇടയാക്കിയത്. തിരുവല്ല കുറ്റൂർ ഒമ്പതാം വാർഡിൽ തൈമറവുംകര തോട്ടത്തിൽ വീട്ടിൽ ടി.എ സ്കറിയ, തൈമറവുകര കളിയിക്കാമലയിൽ എൻ. ഗോപി എന്നിവരുടെ മാസങ്ങളായുള്ള അധ്വാനമാണ് പ്രളയം കൊണ്ടുപോയത്. വാഴയും കപ്പയും വെള്ളരിയും പാവലും പടവലവും കുക്കുമ്പറും അടങ്ങുന്ന പച്ചക്കറികൾ സമൃദ്ധമായി വിളഞ്ഞ് വിളവെടുക്കാൻ പാകമായപ്പോഴാണ് പ്രളയം എത്തിയത്. എല്ലാ വർഷവും വിള ഇൻഷുറൻസ് എടുക്കാറുള്ള സ്കറിയ ഇത്തവണ ഇൻഷുറൻസ് എടുത്തില്ല. നഷ്ടമാകട്ടെ രണ്ടര ലക്ഷവും. പതിനാലാം വയസ്സിൽ ആരംഭിച്ച കൃഷി സ്കറിയ 77ാം വയസ്സിലും തുടരുന്നു. നഷ്ടം സഹിച്ചായാലും പ്രതീക്ഷയോടെ അടുത്ത കൃഷിയിറക്കി. കഴിഞ്ഞവർഷമടക്കം കൃഷിക്കായി പന്തൽ നിർമ്മിക്കുന്നതിന് മുളകളാണ് ഉപയോഗിച്ചിരുന്നത്. വെള്ളപ്പൊക്കത്തിൽ ഇവ പാടെ നശിക്കുന്ന സാഹചര്യം വന്നതോടെ ഇക്കുറി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ചാണ് പന്തൽ നിർമിക്കുന്നത്. കാലാവസ്ഥ വലിയ വെല്ലുവിളി ആയതോടെ ഇത്തവണ ഇൻഷുറൻസ് എടുക്കണമെന്ന് സ്കറിയ പറയുന്നു.
പ്രളയത്തിലെ കാർഷിക നഷ്ടത്തിന്റെ ധനസഹായത്തിന് കൃഷിഭവൻ വഴി അപേക്ഷിച്ചെങ്കിലും സ്കറിയക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷക്കാലമായി കൃഷിരംഗത്തുള്ള ഗോപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പാട്ടത്തിന് എടുത്ത ഒരേക്കർ ഭൂമിയിലാണ് ഗോപി വാഴ, പാവൽ എന്നീ കൃഷികൾ ഇറക്കിയത്. വിളവെടുക്കാൻ പാകമായ 800 മൂളം ഏത്തവാഴയും 300 മൂടോളം പടവല കൃഷിയും പ്രളയം കൊണ്ടുപോയി. ഇദ്ദേഹത്തിന് ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചത്.
കുറ്റൂർ പഞ്ചായത്തിൽതന്നെയുള്ള കർഷകരായ രഘുനാഥപിള്ള, ജേക്കബ് തോമസ്, രഘു എന്നിവരുടെയും വൻതോതിലുള്ള പച്ചക്കറികളും ഏത്തവാഴയും അടക്കം പ്രളയത്തിൽ നശിച്ചിരുന്നു. കൃഷിനാശം സംബന്ധിച്ച റിപ്പോർട്ടുകൾ കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയതായും തുടർനടപടി ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായും കുറ്റൂർ കൃഷി ഓഫിസർ താരാ മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.