'സവിശേഷം വിശേഷം'പംക്​തിയിലേക്ക്​

ആന്മുളയിലെ കൃഷിക്കളി... ആറന്മുളയിൽ നെൽകൃഷി ഇറക്കിയതി​ന്‍റെ ആത്മ നിർവൃതിയിലാണ്​ കൃഷിമന്ത്രിയും ആരോഗ്യമന്ത്രിയും. വിമാനങ്ങൾ പറന്ന്​ പൊന്തേണ്ടിടത്ത്​ നെല്ല്​ മുളച്ചുപൊന്തിയപ്പോൾ ഇരുവരുടെയും ഉള്ളിലെ വലിയ സ്വപ്​നം സാക്ഷാത്​കരിക്കപ്പെടുകയായിരുന്നത്രെ. വിമാനം പറന്നുയരുന്നതിനായി യത്​നിച്ചവരുടെ​ സ്വപ്​നങ്ങൾക്ക്​ അള്ളുവെച്ചപോലാണ്​ അവിടെ നെല്ല്​ മുളച്ചുപൊന്തിയത്​. മുളച്ച നെല്ലിനും കണ്ട സ്വപ്​നങ്ങൾക്കും ഇടയിൽ ഉറങ്ങിക്കിടക്കുന്ന യാഥാർഥ്യങ്ങൾ ഏറെയാണ്​. വള്ളംകളിയും വഞ്ചിപ്പാട്ടും ഞാറുനടീലും ഞാറ്റുപാട്ടും ജീവതാളമാക്കിയ​ ആറന്മുളക്കാരിൽ ഉണർന്നിരിക്കുന്നവർ അതെക്കുറിച്ച വിശേഷങ്ങളാണ്​ മുക്കിലും മൂലയിലും ഇരുന്ന്​ പറഞ്ഞുകൊണ്ടിരിക്കുന്നത്​. ആറന്മുളയിൽ മിച്ചഭൂമിയായി ഏറ്റെടുത്ത 232 ഏക്കർ ഭൂമി വീണ്ടും പഴയ ഭൂ ഉടമയായ എബ്രഹാം കലമണ്ണിലി​ന്‍റെ പക്കൽ എത്താൻ വഴിയൊരുക്കിയതാര്​. മിച്ചഭൂമി ഏറ്റെടുക്കുന്നതിനുള്ള കേസ്​ നടത്തിപ്പിൽ വീഴ്​ചവരുത്തിയ റവന്യൂ വകുപ്പ്​ കൈകാര്യം ചെയ്​തതാരാണ്​. ഇപ്പോൾ കൈകാര്യം ചെയ്യുന്നതാരാണ്​. ​ഹൈകോടതിയിൽ സർക്കാറിനുവേണ്ടി കേസ്​ നടത്തിയ വക്കീൽ ആരായിരുന്നു. എന്നൊക്കെയാണ്​ ഒന്നിനു പത്തേ പത്തിന്​ നൂറേ എന്ന തരത്തിൽ ആറന്മുളക്കാർ ഉയർത്തുന്ന ചോദ്യങ്ങൾ. നെല്ലുമുളച്ചത്​ കണ്ട്​ രോമാഞ്ചം മുളച്ചെന്ന്​ പറയുന്ന മന്ത്രിമാരുടെ ഉത്തരം കേൾക്കാൻ നാട്ടിൽ പലരും ഉറക്കംവെടിഞ്ഞ്​ കാത്തിരിക്കുകയുമാണ്​. കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് 2017 ജൂലൈ 12ന്​ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത്​ 293 ഏക്കർ മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് ഉത്തരവ് ഇറക്കി. 2017 ആഗസ്​റ്റ്​ 14ന്​ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കെ.ജെ. എബ്രഹാം കലമണ്ണിൽ ഹൈകോടതിയിൽനിന്ന്​ സ്റ്റേ ഉത്തരവ് നേടി. വർഷം നാലര പിന്നിട്ടിട്ടും സ്റ്റേ ഉത്തരവ് നീക്കം ചെയ്തുകിട്ടുന്നതിന് സർക്കാർ ഒന്നും ചെയ്​തില്ല. അതോടെ ഭൂമി വീണ്ടും കെ.ജി.എസ്​ ഗ്രൂപ്പി​ന്‍റെയും കലമണ്ണിൽ എബ്രഹാമിന്‍റെയും പക്കലാണ്​. സ്​റ്റേ ഉത്തരവ്​ വന്നപ്പോൾ സർക്കാറിനുവേണ്ടി കേസ്​ നടത്തിയ വക്കീൽ സി.പി.ഐ നേതാവായ രജ്ഞിത്​ തമ്പാനായിരുന്നു. അന്നും ഇന്നും റവന്യൂ വകുപ്പ്​ സി.പി.ഐയുടെ കൈയിലാണ്​. സ്​റ്റേ നീക്കാൻ നടപടിയെടുക്കാതെ റവന്യൂ വകുപ്പ്​ ഉറക്കംനടിക്കുന്നത്​ ആർക്കുവേണ്ടിയാണ്​. ഇപ്പോൾ തന്‍റെ ഭൂമിയിൽ നെല്ലു മുളച്ചതറിഞ്ഞ്​ ഞെട്ടിയുണർന്ന കലമണ്ണിൽ ഒറ്റ ഒരുത്തനും വളർത്താനും കൊയ്യാനും ത​ന്‍റെ കൈവശമുള്ള 232 ഏക്കറിൽ കേറിയേക്കരുതെന്നുപറഞ്ഞ്​ ഹൈകോടതിയിൽനിന്ന്​ സ്​റ്റേ ഉത്തരവ്​ നേടിയിട്ടുണ്ട്​. ഇപ്പോൾ രോമാഞ്ചേഴ്​സായ മന്ത്രിമാരുടെ പാർട്ടിക്കാരിൽ ചിലർ ചിലർക്കൊപ്പം ചേർന്ന്​ 'ചിയേഴ്​സ്'​ പറഞ്ഞതി​ന്‍റെ ഫലമാണ്​ ഇപ്പോൾ കൃഷിയെ വെള്ളത്തിലാക്കിയതെന്ന്​ ചിലർ പറയുന്നു. മന്ത്രിമാർ രണ്ടും പറയുന്നത്​ അവിടെ കൃഷിയിറക്കിയത്​ സർക്കാറാണെന്നാണ്​. കൃഷിവെള്ളത്തിൽ മുങ്ങിയപ്പോൾ നഷ്​ടം വന്നവർക്ക്​ നഷ്​ടപരിഹാരം നൽകുമെന്നും പറയുന്നു. കൃഷിയിറക്കിയത്​ സർക്കാറാണെങ്കിൽ പിന്നെ നഷ്​ടപരിഹാരം നൽകുന്നതാർക്കെന്ന്​ മറ്റൊരു ചോദ്യം ഉയരുന്നു. വലിയ കളികളാണ്​ മന്ത്രിമാരും പാർട്ടിക്കാരും ചേർന്ന്​ ആറന്മുള പുഞ്ചയിൽ നടത്തുന്നതെന്ന്​ നാട്ടുകാർക്ക്​ മനസ്സിലാകുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.