റാന്നിയിൽ പോളിങ് കുറഞ്ഞത് ചർച്ചയാകുന്നു

പത്തനംതിട്ട: റാന്നിയിൽ പോളിങ് കുറഞ്ഞത് ചൂണ്ടിക്കാട്ടുന്ന സി.പി.എം ജില്ല കമ്മിറ്റി അംഗം റോഷൻ റോയ് മാത്യുവിന്‍റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു. 30 വർഷമായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലത്തിൽ ഇത്തവണ പോളിങ് കുറഞ്ഞതിൽ ചോദ്യങ്ങളുമായാണ് റോഷൻ രംഗത്തെത്തിയത്. സ്ഥാനാർഥി നിർണയവും എൽ.ഡി.എഫിനു തിരിച്ചടിയാകുന്ന വിഷയങ്ങളും പരോക്ഷമായി പരാമർശിക്കുന്നതാണ് കുറിപ്പ്. എൽ.ഡി.എഫിനായി കേരള കോൺഗ്രസാണ് (എം) റാന്നിയിൽ മത്സരിക്കുന്നത്. സംസ്‌ഥാനത്ത് പോളിങ് ഏറ്റവും കുറഞ്ഞ മണ്ഡലം റാന്നിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ചോദ്യങ്ങളുന്നയിക്കുന്നത്. ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം, പോളിങ് സ്‌റ്റേഷനിൽ എത്താനുള്ള പ്രയാസം, ഗതാഗത അസൗകര്യം, ആരോഗ്യ പ്രശ്നങ്ങൾ, സ്ഥാനാർഥികളോടുള്ള താൽപര്യക്കുറവ്, റാന്നിക്കാരല്ലാത്ത സ്ഥ‌ാനാർഥികൾ തുടങ്ങിയ കാരണങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വോട്ടെടുപ്പ് സംബന്ധിച്ച ബോധവത്കരണത്തിന്‍റെ കുറവും ചൂണ്ടിക്കാട്ടുന്നുണ്ട്. സി.പി.എം വിജയിച്ച സീറ്റ് കഴിഞ്ഞ തവണ കേരള കോൺഗ്രസിനു (എം) നൽകേണ്ടി വന്നിരുന്നു. സി.പി.എമ്മിൽനിന്ന് പലപ്പോഴും റാന്നിയിൽ റോഷനെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. 14,596 വോട്ടിനു 2016ൽ രാജു എബ്രഹാം ജയിച്ച സീറ്റ് കേരള കോൺഗ്രസിനു (എം) കൈമാറിയപ്പോൾ ഭൂരിപക്ഷം 1285 ആയി കുറഞ്ഞു. സീറ്റ് കേരള കോൺഗ്രസിന് കൈമാറിയതിൽ സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

Tags:    
News Summary - The drop in voter turnout in Ranni becomes a topic of discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.