റാന്നി ഇട്ടിയപ്പാറയിൽ നടന്ന കലാശക്കൊട്ട്

പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് കൊട്ടിക്കലാശം കളറായി

പത്തനംതിട്ട: പ്രഖ്യാപനത്തിന് ശേഷം മൂന്ന് ആഴ്ചയോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജില്ലയിൽ ആവേശകരമായ കൊട്ടിക്കലാശം. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ, ആറൻമുള മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളും പ്രവർത്തകരും താളമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ മണിക്കൂറുകളോളം അണിനിരന്ന് നഗരഹൃദയത്തിൽ ഉൽസവാന്തരീക്ഷം സൃഷ്ടിച്ചു. ഏകദേശം മൂന്നുമണിയോടെ സാവധാനം ആരംഭിച്ച സമാപന പ്രചരണം അവസാന മണിക്കൂറിൽ പാരമ്യത്തിൽ എത്തി. കൃത്യം ആറുമണിക്ക് സമാധാനപരമായി പ്രചരണം സമാപിച്ചു. സെൻട്രൽ ജങ്ഷനിൽ മൂന്ന് മുന്നണികൾക്കും അനുവദിച്ചുനൽകിയ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു അവസാനഘട്ട പ്രചരണം.

യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കു പുറമെ എസ്.യു.സി.ഐ പ്രവർത്തകരും സ്വന്തം സ്ഥാനാർഥികൾക്കൊപ്പം കലാശക്കൊട്ടിന് സെൻട്രൽ ജങ്ഷനിൽ എത്തിയിരുന്നു. പരസ്പരം കുറ്റപ്പെടുത്തുന്ന പ്ലക്കാർഡുകളും ഫ്ലക്സും യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ ഉപയോഗിച്ചപ്പോൾ സ്ഥാനാർഥിയുടെ ചിത്രമടങ്ങുന്ന ബോർഡുകളായിരുന്നു ബി.ജെ.പിയുടെ പ്രചരണായുധം. സ്വന്തം സ്ഥാനാർഥികളുടെ പേരും ചിഹ്നവും പ്രിന്‍റ് ചെയ്ത ടീഷർട്ടുകൾ അണിഞ്ഞായിരുന്നു പ്രവർത്തകരുടെ വരവ്. കാതടപ്പിക്കുന്ന ശബ്ദവിന്യാസങ്ങളും ബലൂണുകളും പറത്തിവിടുന്ന കടലാസ് തോരണങ്ങളും മൂന്നു മുന്നണികളും യഥേഷ്ടം ഉപയോഗിച്ചു.

2018ലെ മഹാപ്രളയം വരുത്തിവെച്ചതാണെന്ന പുതിയ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ആറൻമുളയിലെ യു.ഡി.എഫ് സ്ഥാനാർഥി അബിൻ വർക്കി ഉച്ചക്കുശേഷം സെൻട്രൽ ജങ്ഷനിലെ ഗാന്ധി പ്രതിമക്കുസമീപം മറ്റ് നേതാക്കൾക്കൊപ്പം ഉപവാസം നടത്തി. അതിനകം കലാശക്കൊട്ടിന് പ്രവർത്തകർ മുൻ നിശ്ചയപ്രകാരം പതാകകളുമേന്തി താളമേളങ്ങളുടെയും ചിഹ്നവും സ്ഥാനാർഥിയുടെ ചിത്രവും പതിച്ച പ്ലക്കാർഡുകളുമായി എത്തി. ഇടതുമുന്നണി പ്രവർത്തകരും സർവസന്നദ്ധമായി മുദ്രാവാക്യം വിളികളുമായി മറുവശത്ത് അണിനിരന്നു. കോളജ് റോഡിൽ ബി.ജെ.പി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ റോഡിൽ എസ്.യു.സി.ഐ പ്രവർത്തകരും നിരന്നു. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് നാലര മണിയോടെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പ്രധാന സഹപ്രവർത്തകർക്കൊപ്പം എത്തി കൈവീശിയും താളം പിടിച്ചും പ്രവർത്തകർക്ക് ആവേശം നൽകി. അൽപം കഴിഞ്ഞ് ഉപവാസം അവസാനിപ്പിച്ച് കൂറ്റൻ ക്രെയിനിൽ താൽക്കാലികമായി തയാറാക്കിയ ബോക്സിൽ യു.ഡി.എഫ് സ്ഥാനാർഥി അബിൻ വർക്കി, ആന്‍റോ ആന്‍റണി എം.പി ഉൾപ്പെടെ നേതാക്കൾക്കൊപ്പം പ്രത്യക്ഷപ്പെട്ടതോടെ അവരുടെ പ്രവർത്തകർക്ക് ആവേശമായി. കാതടിപ്പിക്കുന്ന ശബ്ദത്തിൽ പാട്ടും അതിനൊപ്പിച്ച് നൃത്തവുമായി അണികളും അണിനിരന്നു. പ്രചരണം തീരാൻ അരമണിക്കൂർ അവശേഷിക്കുമ്പോൾ മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരൻ സ്ഥലത്ത് എത്തി പ്രവർത്തകർക്കൊപ്പം ചേർന്നത്. പാട്ടും മേളവുമായി പാർട്ടി പതാക വീശിയും എൻ.ഡി.എ പ്രവർത്തകരും രംഗം സജീവമാക്കി.  

Tags:    
News Summary - The grand finale at Pathanamthitta district headquarters was colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.