പത്തനംതിട്ട: പോളിങ് അവസാനിച്ചതിന് പിന്നാലെ ആറൻമുള വല്ലനയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റിനെ മർദ്ദിച്ചതായി പരാതി. വല്ലന 116-ാം നമ്പർ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്‍റ് പി.എച്ച്. ഷാജിക്കാണ് മർദനമേറ്റത്. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.
വോട്ടെടുപ്പ് നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഷാജിയും സി.പി.എം പ്രവർത്തകനായ സലീമും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇരു പാർട്ടിയുടെയും നേതാക്കൾ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. വൈകിട്ട് ആറിന് പോളിങ് അവസാനിച്ചശേഷം ഷാജി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സി.പി.എം ലോക്കൽ സെക്രട്ടറി അജി മുഹമ്മദിന്‍റെ നേതൃത്വത്തിൽ ഒരുസംഘം ആളുകൾ ഷാജിയെ തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ കോഴഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരാജയ ഭീതി മൂലം സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് ആറൻമുള മണ്ഡലം യു.ഡി..എഫ് സ്ഥാനാർഥി അബിൻ വർക്കി ആരോപിച്ചു. സി.പി.എം അക്രമം അവസാനിപ്പിക്കണമെന്നും 10 വർഷത്തെ പിണറായി ഭരണം അവസാനിച്ചുവെന്ന് അക്രമം നടത്തുന്ന സി.പി.എം നേതാക്കൾ ഓർത്താൽ നന്നെന്നും അബിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.