ചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം ബലക്ഷയത്തിൽ

റാന്നി: ചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലത്തിന്​ ബലക്ഷയം. പൊട്ടനരുവി-ളാഹമണ്ണിൽപടി, മുക്കട- ഇടമൺ- അത്തിക്കയം എന്നീ റോഡുകളെയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടവഴിയിലെ തോടിനു കുറുകെയുള്ള നടപ്പാലമാണിത്. പഴവങ്ങാടി പഞ്ചായത്തിലെ പാക്കാവുങ്കൽ കോളനി, ഊട്ടുപാറപടി എന്നിവിടങ്ങളിലെ താമസക്കാരുടെ പ്രധാന പാതയാണിത്​. കാൽനടക്കാർ മാത്രമല്ല ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റ് ചെയ്ത നടവഴിയിലൂടെ കടന്നു പോകുന്നുണ്ട്. മുമ്പ്​ നടവഴി മാത്രമായിരുന്ന ഇവിടം അടുത്തകാലത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ്​ പഴവങ്ങാടി പഞ്ചായത്ത് നിർമിച്ച നടപ്പാലമാണിത്. തോടിന്‍റെ മധ്യത്തിലെ തൂണിന്‍റെ അടിത്തറയും ബലക്ഷയം നേരിടുന്നുണ്ട്. അടിഭാഗത്തെ കോൺക്രീറ്റ് പൂർണമായി അടർന്നുപോയി. കമ്പികൾ തെളിഞ്ഞിരിക്കുന്നു. തുരുമ്പിച്ച്​ ഇളകിയ കമ്പി നശിക്കുന്നതോടെ പാലം നിലംപൊത്തുമെന്ന ആശങ്കയാണ്​ നിലനിൽക്കുന്നത്​. വരുന്ന മഴക്കാലത്ത് തോട്ടില്‍ അമിത അളവില്‍ വെള്ളമെത്തിയാലും പാലം അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാവുന്ന തോടാണിത്. തോടിന്‍റെ വശങ്ങളില്‍ കൈയേറ്റവും വ്യാപകമാണ്. പാലം ഇല്ലാതായാല്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടാകും. അതിര്‍ത്തിയായതിനാല്‍ വാര്‍ഡ്​ അംഗങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ptl rni _1 bridge ഫോട്ടോ: തകർച്ച നേരിടുന്ന ചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.