ആരോഗ്യമന്ത്രിയുടെ ശ്രദ്ധക്ക്​ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മരുന്നുക്ഷാമമോ?...

രോഗികളോട്​ മോശമായി പെരുമാറുന്നെന്ന്​ പരാതികൾ പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സ തേടി ഒ.പിയിൽ എത്തുന്നവർ പുറത്തെ മെഡിക്കൽ സ്​റ്റോറിൽനിന്ന്​ മരുന്ന്​ വാങ്ങാൻ പണം കൈയിൽ കരുതണം. സൗജന്യ ചികിത്സ ​തേടി എത്തുന്ന പാവങ്ങൾ ​ഫാർമസിയിൽ കൊണ്ടുചെന്ന്​ ഡോക്ടറുടെ കുറിപ്പടി കൊടുക്കുമ്പോൾ പാരസെറ്റമോൾ കുറിച്ചിട്ടുണ്ടെങ്കിൽ കൃത്യമായി കിട്ടും. ഇതുപോലെ ചില മരുന്നുകളുടെ കാര്യത്തിൽ മാത്രമേ ഉറപ്പുള്ളൂ. മറ്റ്​ മരുന്നുകളുടെ പേരിന്​ മുന്നിൽ ഗുണന ചിഹ്നം ഇട്ടുവെക്കും. ഇവയെല്ലാം പുറത്തുനിന്ന്​ വാങ്ങണമെന്ന്​ നിർദേശിക്കും. കമ്പനി മരുന്നൊന്നും സർക്കാർ വാങ്ങുന്നില്ലെന്നാണ്​ ഫാർമസിസ്റ്റിന്‍റെ വിശദീകരണം. ആശുപത്രികളിൽ മരുന്നുക്ഷാമം ഇല്ലെന്ന്​ ആണയിടുമ്പോഴാണ്​ ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ജില്ല ​കേന്ദ്രത്തിൽ വരുന്ന പ്രധാന ആശുപത്രിയിലെ ഈ അവസ്ഥ. ചില ഡോക്ടർമാർ ഒ.പിയിൽ ചികിത്സ തേടി എത്തുന്നത്​ എന്തോ വലിയ കുറ്റം എന്നപോലെയാണ്​ രോഗികളോട്​ പെരുമാറുന്നത്​. പരിശോധനക്കൊന്നും നിൽക്കാതെ പെട്ടെന്ന്​ എന്തെങ്കിലു​മൊക്കെ കുറിച്ചുകൊടുത്ത്​ വേഗം പറഞ്ഞയക്കും. സംശയം ചോദിച്ചാൽ തട്ടിക്കയറാനും മടിക്കില്ല. ഇതിനുപുറമെയാണ്​ ആശുപത്രിയിൽ കിട്ടാത്ത മരുന്നുകുറിക്കുന്നതും. രോഗം മാറണ​മെങ്കിൽ മരുന്ന്​ പുറത്തുനിന്ന്​ വാങ്ങിക്കഴിക്കണം എന്നാണ്​ ഇവരുടെ വിശദീകരണം​. ചുരുങ്ങിയ സമയത്തിൽ കൂടുതൽ രോഗികളെ നോക്കേണ്ടിവരുന്നതുകൊണ്ടുള്ള പ്രയാസങ്ങൾ രോഗികളോടുള്ള ഡോക്ടർമാരുടെ സമീപനത്തെ സ്വാധീനിക്കുന്നത്​ സ്വാഭാവികമാണെന്ന്​ പറയാമെങ്കിലും ഇതിൽ പലരും ആശുപത്രി പരിസരങ്ങളിൽ സ്വകാര്യ പ്രാക്ടീസ്​ നടത്തുന്നവരാണെന്ന വസ്തുതയുമുണ്ട്​. ഇവരും മെഡിക്കൽ സ്​റ്റോറുകാരും തമ്മിലെ ഒത്തുകളിയും പുറത്തേക്ക്​ കുറിക്കുന്നതിന്​ പിന്നിലുണ്ടോ എന്ന്​ സംശയിക്കുന്നുണ്ട്​. ഡോക്ടർമാർ കുറിക്കുന്ന മരുന്ന്​ എന്തുകൊണ്ട്​ ഫാർമസിയിൽ ലഭ്യമാക്കുന്നില്ലെന്ന്​ ആശുപത്രി അധികൃതർ വ്യക്തമാക്കണം​. സ്വന്തം മണ്ഡലത്തിലെ ആശുപത്രിയിൽ രോഗികൾക്ക്​ ആവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന്​ ഇടപെടൽ ഉണ്ടാകണമെന്നാണ്​ പാ​വപ്പെട്ട ​രോഗികളുടെ ആവശ്യം. പ്രത്യേകിച്ച്​ മരുന്നുവില വലിയ ​തോതിൽ ഉയരുന്ന സാഹചര്യത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.