മന്ത്രിസഭ ഒന്നാം വാര്‍ഷികം: 'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള മേയ് രണ്ടുമുതല്‍

പത്തനംതിട്ട: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേയ് രണ്ടു മുതല്‍ എട്ടുവരെ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ 'എന്റെ കേരളം' എന്നപേരില്‍ പ്രദര്‍ശന- വിപണനമേള സംഘടിപ്പിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷികത്തിന്റെ ജില്ലതല സംഘാടകസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. നൂറ്​ വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവയും ഉണ്ടാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പും സ്റ്റാളുകള്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് മുഖ്യരക്ഷാധികാരിയും പ്രസിഡന്റുമായി വാര്‍ഷികാഘോഷ സംഘാടകസമിതി രൂപവത്​കരിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ചെയര്‍പേഴ്സനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍ കണ്‍വീനറുമാണ്. ഫോട്ടോ PTL 11 VEENA കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ഷികത്തിന്റെ ജില്ലതല സംഘാടകസമിതി യോഗത്തില്‍ മന്ത്രി വീണ ജോര്‍ജ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.