ആറന്മുള കണ്ണാടിക്കൊപ്പം തിളങ്ങി സൂരജ് സുന്ദരം

കോഴഞ്ചേരി: പാരമ്പര്യം കൈവിടാതെ ആറന്മുള കണ്ണാടി നിർമാണം തുടരുന്ന യുവാവിനെത്തേടിയെത്തിയത് സംസ്ഥാന സർക്കാർ പുരസ്‌കാരം. വിവിധ തൊഴിൽ മേഖലകളിൽ മികവുപുലർത്തിയവർക്കുള്ള ലക്ഷം രൂപയുടെ 'തൊഴിൽ ശ്രേഷ്ഠ' പുരസ്‌കാരം ലഭിച്ചത് ആറന്മുള സ്വദേശിയായ സൂരജ് സുന്ദരത്തിന്. ലോകപ്രശസ്തമായ ആറന്മുളക്കണ്ണാടിയുടെ നിർമാണമാണ് സൂരജിന്​ അഭിമാനനേട്ടത്തിലെത്തിച്ചത്. അച്ഛനൊപ്പം പഠിച്ചുതുടങ്ങിയ കണ്ണാടിനിർമാണത്തിന്റെ ബാലപാഠങ്ങളാണ് സൂരജിനെ മികച്ച ശിൽപ്പിയാക്കി മാറ്റിയത്. സൂരജിന്റെ നേതൃത്വത്തിൽ കണ്ണാടിനിർമാണം വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികഭദ്രത താരതമ്യേന കുറഞ്ഞ ഈ മേഖല ഉപേക്ഷിച്ച് മറ്റ് തൊഴിൽ മേഖലയിലേക്ക് പോകാതിരിക്കാൻ കാരണം തന്‍റെ നാടിന്‍റെ പൈതൃകമായ ആറന്മുള കണ്ണാടിയോടുള്ള അഭിനിവേശമായിരുന്നുവെന്ന്​ സൂരജ് പറയുന്നു. 2018-ലെ മഹാപ്രളയത്തിൽ പാർഥസാരഥി ക്ഷേത്രത്തിനോട് ചേർന്ന പണിശാല പൂർണമായും മുങ്ങി. വലിയ സാമ്പത്തിക നഷ്ടമുൾപ്പെടെ സഹിച്ചാണ് തിരിച്ചുവന്നത്. അവിടെനിന്നാണ് പുരസ്കാരനേട്ടത്തിലേക്കും നടന്നുകയറിയത്. ആറന്മുളക്കണ്ണാടിയുടെ രഹസ്യക്കൂട്ട് ഇവിടത്തെ ചുരുക്കം കുടുംബങ്ങൾക്ക് മാത്രമാണ് അറിയുന്നത്. ഈ മേഖലയിൽ വ്യാജന്മാർ ധാരാളമുള്ളത് വിപണനത്തെ ബാധിക്കുന്നുണ്ടെന്നാണ് സൂരജിന്റെ അഭിപ്രായം. 1000 രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള കണ്ണാടികൾ നിർമിക്കാറുണ്ടിവിടെ. ഓൺലൈൻ വ്യാപാരത്തിലൂടെ വിൽപനയിൽ മുന്നേറ്റമുണ്ടാക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ സൂരജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.