പത്തനമംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് മേൽ നായ ചാടിവീണു. നാട്ടുകാർ ഓടിയെത്തിയതിനാലാണ് കടി ഏൽക്കാതെ രക്ഷപെട്ടത്. ഞക്കുനിലത്ത് അലഞ്ഞുതിരിയുന്ന നായകൾ അക്രമണകാരികളായതോടെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് ഭയമാണ്. ദീപാ ജംഗ്ഷനിൽ നിന്ന് ഞക്കുനിലത്തേക്കുള്ള റോഡിലാണ് നായകളുടെ പ്രധാന താവളം. രാത്രിയിൽ പലരും വളർത്തുനായകളെ ഇവിടെ ഉപേക്ഷിക്കുന്നതായി പരാതിയുണ്ട്.
അധികൃതർ വന്ധ്യംകരിച്ച നായകളെയും ഇവിടെയാണ് കൂട്ടത്തോടെ തുറന്നുവിടാറുള്ളതെന്നും നാട്ടുകാർ പറഞ്ഞു. കൊച്ചുകുട്ടികൾക്ക് ഉൾപ്പടെ അടുത്തിടെ നായകളുടെ ആക്രമണങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇതുമൂലം കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. മുതിർന്നവരുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികളുടെ സ്കൂൾ യാത്ര. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകൾ വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. പറമ്പിൽ കെട്ടിയിരുന്ന ആട്ടിൻ കുട്ടികളെ അടുത്തിടെ കടിച്ചുകീറിയിരുന്നു. കോഴി, താറാവ് തുടങ്ങിയവയെ ഇവ വ്യാപകമായ ഭക്ഷണമാക്കുന്നുണ്ട്. പശു, ആട്, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളെ ഇപ്പോൾ മേയാൻ വിടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.