ഇലന്തൂർ: ഇലന്തൂർ പടയണിയുടെ എട്ടാം ദിനമായ വെള്ളിയാഴ്ച വല്യപടയണി നടക്കും. കുംഭ ഭരണിനാളില്‍ ചൂട്ടുവെച്ച് പച്ചതപ്പുകൊട്ടി തുടങ്ങിയ പടയണി പൂർണതയില്‍ എത്തുന്നത് എട്ടാം ദിവസമാണ്. മുഖമറ കോലങ്ങള്‍ മുതല്‍ രൗദ്രഭാവങ്ങള്‍ നിറഞ്ഞ ഭൈരവിവരെ തപ്പുതാളത്തിനൊത്ത് വെള്ളിയാഴ്ച ഭഗവതിയുടെ മുന്നില്‍ നിറഞ്ഞാടും. രാത്രി 10ന് തപ്പില്‍ ജീവകൊട്ടുന്നതോടെ വല്യപടയണി ചടങ്ങുകള്‍ക്ക് കളമുണരും. ഇലന്തൂര്‍ മഹാഗണപതിക്ഷേത്രത്തിന് സമീപത്തുനിന്ന് ചൂട്ടുവെളിച്ചത്തില്‍ ചെണ്ടമേളത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും താലപ്പൊലിയുടെയും അടവി വൃക്ഷക്കൊമ്പുകളുടെയും അകമ്പടിയോടെ എത്തുന്ന കോലങ്ങളെ തപ്പുമേളത്തിന്റെ മൂർധന്യാവസ്ഥയിൽ കാപ്പൊലിച്ച് കളത്തിലേക്ക് ആനയിക്കും. കളരിവന്ദനത്തിനുശേഷം ഉണരുന്ന കളത്തിലേക്ക് ആദ്യമെത്തുന്നത് വെളിച്ചപ്പാടാണ്. ശേഷം എല്ലാ കോലങ്ങളും ഒന്നിച്ച് ചുവടുവെക്കുന്ന നിരത്തിത്തുള്ളല്‍, അതിനുശേഷം പുലവൃത്തം, താവടി എന്നിവയെത്തും. ശിവകോലം കളത്തിലെത്തുന്നതോടെ പാളക്കോലങ്ങളുടെ വരവായി. അന്ധകാരത്തിനുമേൽ വെളിച്ചം ആധിപത്യം സ്ഥാപിക്കുന്ന സങ്കൽപത്തില്‍ സൂര്യന്‍ കിഴക്കുദിക്കുമ്പോള്‍ കരദേവതയായ ഭൈരവിയും കാഞ്ഞിരമാലയും കളത്തില്‍ തുള്ളും. തുടര്‍ന്ന് പിഴകളെല്ലാം പൊറുക്കണേ എന്ന് കൊട്ടിപ്പാടിക്കൊണ്ട് അടന്ത താളത്തില്‍ മംഗളഭൈരവി തുള്ളും. സര്‍വദോഷങ്ങളും തീര്‍ത്ത് പൂപ്പട തുള്ളിക്കഴിഞ്ഞ്, ചൂട്ടുവെച്ച് വിളിച്ചിറക്കിയ കുന്നിലമ്മയെ വഞ്ചിപ്പാട്ടിന്റെയും ആർപ്പുവിളിയുടെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് ആനയിക്കുന്നതോടെ ഈ വര്‍ഷത്തെ പടയണിക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.