പന്തളം: നഗരസഭ ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ സമരം സംഘർഷത്തിൽ കലാശിച്ചു. ബഹളത്തിനിടെ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ ഒന്നരമണിക്കൂറിനുള്ളിൽ ബജറ്റ് അവതരിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ ആയിരുന്നു ബജറ്റ് അവതരണം. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്‍റെ അധ്യക്ഷതയിൽ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബജറ്റ് ചോർന്നുവെന്ന് ആരോപിച്ച് ബഹളം ആരംഭിച്ചു. ബജറ്റിലെ പരാമർശങ്ങൾ തലേന്ന് മാധ്യമങ്ങൾക്ക് നൽകി എന്നായിരുന്നു ആരോപണം. എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായരും യു.ഡി.എഫിനെ പ്രതിനിധാനം ചെയ്ത് കെ.ആർ. രവിയും ബജറ്റ് അസാധുവാണെന്നും ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ആരോപിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ ബജറ്റ് അവതരിപ്പിച്ചു. ഇതേതുടർന്ന് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നഗരസഭ കവാടത്തിൽ നിലയുറപ്പിച്ചു. എൽ.ഡി.എഫ് കൗൺസിലർമാരും യു.ഡി.എഫ് കൗൺസിലർമാരും നഗരസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഉച്ചക്ക് 12.30ഓടെ ചെയർപേഴ്സന്‍റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാരും ചില ബി.ജെ.പി പ്രവർത്തകരും നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം ആരംഭിച്ച ഉടൻ ബി.ജെ.പി പ്രാദേശിക നേതാക്കളായ കൊട്ടേത്ത് വി. ഹരികുമാർ, ശ്യാം എന്നിവർ മുദ്രാവാക്യം വിളിച്ചു. കൗൺസിലർമാർ അല്ലാത്ത ബി.ജെ.പി പ്രവർത്തകരെ നഗരസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ ലസിത നായർ പൊലീസ് സഹായം തേടിയതാണ് സംഘർഷത്തിന് ഇടവരുത്തിയത്. കൗൺസിലർമാർ അല്ലാത്തവർ പുറത്തുപോകണമെന്ന് ആവശ്യത്തിൽ എൽ.ഡി.എഫ് ഉറച്ചുനിന്നതോടെ ബി.ജെ.പി പ്രവർത്തകരുമായി വാക്കേറ്റമായി. ബഹളത്തിനിടെ എൽ.ഡി.എഫ് പാർലമൻെറ് പാർട്ടി ലീഡർ ലസിത നായർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി. ഇരുകൂട്ടരും കൈയാങ്കളിയിൽ എത്തിയതോടെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരായ കൊട്ടേത്ത് വി. ഹരികുമാർ, ശ്യാം എന്നിവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി. സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ പൊലീസ് ജീപ്പിന്‍റെ മുന്നിൽ ബഹളം വെച്ചു. പൊലീസ് സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ മടിച്ചതോടെ ബി.ജെ.പി നേതാക്കളെ ബലം പ്രയോഗിച്ച് ജീപ്പിൽനിന്ന് ഇറക്കി. തുടർന്ന് ബി.ജെ.പി പ്രവർത്തകർ പന്തളത്ത് പ്രകടനം നടത്തി. സി.പി.എം പന്തളം ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ പന്തളം ജങ്ഷനിൽ പ്രകടനം നടത്തി. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ആദ്യബജറ്റ് വ്യാജമെന്നാരോപിച്ച് അന്നത്തെ നഗരസഭ സെക്രട്ടറി എസ്. ജയകുമാർ തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയതിനെത്തുടർന്ന് ഉണ്ടായ കോലാഹലങ്ങൾക്ക് അറുതിവരും മുമ്പാണ് രണ്ടാമത്തെ ബജറ്റ് അവതരണത്തെച്ചൊല്ലി പ്രതിപക്ഷ സമരം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്. 1.ഫോട്ടോ: ബഹളത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട എൽ.ഡി.എഫ് പാർലമൻെറ് പാർട്ടി ലീഡർ ലസിത നായരെ സഹപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നു 2 . ബി.ജെ.പി പന്തളം മുനിസിപ്പൽ പ്രസിഡൻറ് കൊട്ടേത്ത് വി. ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു 3 . നഗരസഭ കവാടത്തിനു മുന്നിൽ എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ഏറ്റുമുട്ടിയപ്പോൾ പൊലീസ് ഇരുകൂട്ടരെയും മാറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.