'യുദ്ധ'ത്തിനെതിരെ വിധിയെഴുതി ജനം

മല്ലപ്പള്ളി: സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അണിയണിയായെത്തി വിധിയെഴുതിയപ്പോൾ ഒരു വോട്ട് പോലും കിട്ടാതെ 'യുദ്ധം' തോറ്റു. മല്ലപ്പള്ളി പ്രസ് ക്ലബും ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും ചേർന്ന് മല്ലപ്പള്ളി ടൗണിൽ നടത്തിയ യുദ്ധമോ സമാധാനമോ വേണ്ടതെന്ന അഭിപ്രായ ശേഖരണത്തിലാണ് പങ്കെടുത്ത എല്ലാവരും സമാധാനപക്ഷം ചേർന്നത്. സ്വകാര്യ ബസ് സ്റ്റാൻഡ് കവാടത്തിലെ ഭിത്തിയിൽ പതിച്ച കൂറ്റൻ കാൻവാസിലാണ് തുറന്ന വോട്ടെടുപ്പ് നടത്തിയത്. ഒന്നരമണിക്കൂറിൽ ജനപ്രതിനിധികളടക്കം 216 പേർ മനസ്സ്​ തുറന്നു. വിലക്കയറ്റവും തൊഴിൽനഷ്ടവും വിദ്യാഭ്യാസം തുടരാനാകുമോയെന്ന ആശങ്കയുമാണ് മിക്കവരുടെയും വരികളിൽ തെളിഞ്ഞത്. ഇൻഡോ-പാക് യുദ്ധത്തിൽ വീരചക്രം നേടിയ ധീരജവാൻ ശാന്തിപുരം കോഴിക്കുന്നത്ത് കെ.ജി. ജോർജ് ആദ്യ കുറിപ്പ് എഴുതി പരിപാടി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്​കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. വിദ്യാമോൾ, ബിജു നൈനാൻ പുറത്തൂടൻ, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ശ്രീചിത്ര സമിതി വൈസ് ചെയർമാൻ, എം.എം. ഖാൻ റാവുത്തർ, കുഞ്ഞുകോശി പോൾ, ജിനോയ് ജോർജ്, പ്രസ് ക്ലബ് പ്രതിനിധികളായ കെ. സതീഷ് ചന്ദ്രൻ, ഷിനു കുര്യൻ, എൻ.കെ. സുഭാഷ് ലാൽ, ജിജു വൈക്കത്തുശ്ശേരി, രാജീവ് ഇടത്തനാട്ട്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ് സി.പി.ഒ ജിക്കു സി. ചെറിയാൻ, സുബി എലിസബത്ത്, ആർട്ടിസ്റ്റ് മധു ഡി. വായ്പൂര് എന്നിവർ സംസാരിച്ചു. പോസ്റ്റർ, ചിത്രരചന ക്യാമ്പും നടത്തി. ഫോട്ടോ: ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയും മല്ലപ്പള്ളി പ്രസ് ക്ലബും ചേർന്ന് മല്ലപ്പള്ളി ടൗണിൽ നടത്തിയ അഭിപ്രായശേഖരണ പരിപാടി വീരചക്രം നേടിയ ജവാൻ ശാന്തിപുരം കോഴിക്കുന്നത്ത് കെ.ജി. ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.