ചിറ്റാർ കസ്​റ്റഡി മരണം: വനപാലകർക്കെതിരെ നരഹത്യക്ക്​ കേസെടുത്തേക്കും

ഷിബിൻ കേസിൽ നിർണായക സാക്ഷിയായേക്കും പത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളത്ത് വനപാലകർ കസ്​റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തിൽ ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ വനപാലകർക്കെതിരെ നരഹത്യക്ക്​ കേസെടുത്തേക്കും. വനപാലകർ ഗുരുതര നിയമലംഘനം നടത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ. നാർകോട്ടിക്സെൽ ഡിവൈ.എസ്.പി ആർ. പ്രദീപ്കുമാറി​ൻെറ നേതൃത്വത്തിലാണ് അന്വേഷണം. മത്തായിയുടെ സഹോദരൻ വിൽസൺ, അരീക്കക്കാവിലെ മത്തായിയുടെ വീടി​ൻെറ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്ന ഷിബിൻ എന്നിവരിൽനിന്നും ചൊവ്വാഴ്ച പൊലീസ് മൊഴി ശേഖരിച്ചു. ഷിബിൻ കേസിൽ നിർണായക സാക്ഷിയായേക്കും. മത്തായിയെ വനപാലകർ കൂട്ടിക്കൊണ്ടുപോകുന്നത് ഇയാൾ കണ്ടിരുന്നു. മത്തായി ഈ സമയം മദ്രാസിൽ താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. അന്വേഷണസംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുകയാണ്. ചൊവ്വാഴ്ച ചിറ്റാർ വനമേഖലയിലും എത്തിയിരുന്നു. മത്തായിയുടെ ഫോണും പരിശോധിക്കുന്നുണ്ട്. മരണസമയത്ത് ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷനിലെ രണ്ടുപേരൊഴികെയുള്ളവർ പുറത്തുപോയിരുന്നു. ഇതിനിടെ, പുറത്തുനിന്ന് ആളുകൾ എത്തി ജി.ഡി എടുത്തുകൊണ്ടുപോയെന്ന് അന്വേഷണസംഘത്തിന് വ്യക്തമായി. ജി.ഡിയിൽ തിരുത്തലുകൾ വരുത്തിയതും കണ്ടെത്തി. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തേക്കും. 10 വനപാലകർ ഉൾപ്പെടെ 30 പേരെ ഇതിനകം ചോദ്യംചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റാർ ഡെഡ്യൂട്ടി റേഞ്ച് ഓഫിസർ ആർ. രാജേഷ് കുമാർ, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ എ.കെ. പ്രദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ്​ ചെയ്തിരുന്നു. ഇവർ ഉൾപ്പെടെ ഏ​ഴ്​ വനം വകുപ്പ് ഉദ്യോഗസ്ഥരെ നേരത്തേ സ്ഥലം മാറ്റിയിരുന്നു. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ (ഭരണം) നേതൃത്വത്തിൽ സമിതിയെ വനംമന്ത്രി കെ. രാജു നിയോഗിച്ചിരുന്നു. അവർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രണ്ട്​ ഉദ്യോഗസ്ഥരെ സസ്പെൻഡ്​​ ചെയ്തത്. പ്രതികളെ അറസ്​റ്റ്​ ചെയ്യണമെന്ന ആവശ്യത്തിൽ മത്തായിയുടെ കുടുംബം ഉറച്ചുനിൽക്കുകയാണ്. ഇതിന് ശേഷമെ മൃതദേഹം സംസ്കരിക്കൂ എന്ന തീരുമാനത്തിലാണവർ. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്​റ്റ്​ ചെയ്യണമെന്ന്​ ആവാശ്യപ്പെട്ട് ചിറ്റാർ ഫോറസ്​റ്റ്​ സ്​റ്റേഷന് മുന്നിൽ ഡി.സി.സി നേതൃത്വത്തിൽ റിലേ സത്യഗ്രഹവും ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.