സ്കൂളുകളിൽ തലയെണ്ണൽ: കണക്കുകൾ പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്

പന്തളം: അധ്യയനവർഷം തുടങ്ങി ആറാം പ്രവൃത്തിദിനത്തിൽ സ്കൂളുകളിൽ തലയെണ്ണൽ നടത്തിയെങ്കിലും കണക്കുകൾ പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളിൽ തലയെണ്ണൽ നടത്തിയത്. ഓരോ സ്കൂളിലെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഉൾപ്പെടെയുള്ള വിവരങ്ങൾ സമ്പൂർണ വെബ്പോർട്ടലിൽ ഓൺലൈനായാണ് ശേഖരിച്ചത്. എന്നാൽ, ബുധനാഴ്ച രാത്രി പത്തോടെ സമ്പൂർണ പോർട്ടലിലെ വിവരങ്ങൾ ലഭ്യമാകുന്നത് വിലക്കിയെന്നാണ്​ ജില്ല വിദ്യാഭ്യാസ വകുപ്പി‍ൻെറ വിശദീകരണം. കണക്കുകൾ അറിയിപ്പ് ലഭിക്കുന്നതു വരെ പുറത്തുവിടരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശമുണ്ടെന്നും പറയപ്പെടുന്നു. കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ തസ്തിക നിർണയം നടത്തുന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു പോർട്ടലിൽ‌ കണക്കുകൾ ഉൾപ്പെടുത്താനുള്ള സമയം. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം, ഇപ്പോഴത്തെ വിദ്യാർഥികൾ, ദാരിദ്ര്യ രേഖക്ക്​ മുകളിലും താഴെയും ഉള്ളവർ, ഭിന്നശേഷി വിദ്യാർഥികൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ആധാർ, യു.ഐ.ഡി നമ്പർ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇത്തവണ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. അല്ലാത്തവ എണ്ണത്തിൽ പരിഗണിച്ചിട്ടില്ല. തലയെണ്ണലിനു ശേഷം വ്യക്തമായ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.