കല്ലടിക്കോട് ദേശീയപാതയോരത്തെ വെള്ളക്കെട്ട്
കല്ലടിക്കോട്: നവീകരിച്ച ദേശീയപാതയിൽ വെള്ളക്കെട്ട് തീരാത്തത് വഴിയാത്രക്കാർക്കും വ്യാപാരികൾക്കും തലവേദനയാകുന്നു. ഒരു വർഷം മുമ്പ് നവീകരണം പൂർത്തീകരിച്ച നാട്ടുകൽ - താണാവ് പാതയിലാണ് ദുരിതം. കല്ലടിക്കോട് ദീപ സെന്ററിലും പരിസരങ്ങളിലുമാണ് മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കുന്നത്. പുനർനിർമാണം പൂർത്തിയായി ഒരു വർഷം തികയും മുമ്പ് ഈ ഭാഗത്ത് കുടിവെള്ള പദ്ധതിക്ക് പൈപ്പ് ഇടുന്നതിനായി പാത വെട്ടിപ്പൊളിച്ചിരുന്നു.
നിരപ്പായ സ്ഥലത്ത് ചാൽ കീറിയ ശേഷം പൈപ്പിട്ട് കുഴി നികത്തിയത് ശരിയായ രീതിയിലല്ല. ഇത് കാരണം താഴ്ന്ന നിരപ്പിൽ നല്ല രീതിയിൽ കട്ടകൾ വിരിക്കാനായില്ല. നിരപ്പ് നിലം തന്നെ പാതവക്കിൽ ഇല്ലാതായി. ഒടുവിൽ പഴയ വെള്ളക്കെട്ട് വീണ്ടും പലയിടങ്ങളിലും പ്രകടമായി. ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളുടെ മുന്നിലും നടപ്പാതയിലും ചെളി കലർന്ന മഴവെള്ളം കെട്ടി നിൽക്കുന്നു. കാൽനടക്കാർക്കും റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കും വെള്ളക്കെട്ട് പ്രയാസം ഉണ്ടാക്കുന്നു.
അഴുക്കുചാലിനോട് ചേർന്ന പാതവക്കിലെ ദ്വാരങ്ങളിൽ മണ്ണും കല്ലും നിറഞ്ഞത് കാരണം മഴവെള്ളം റോഡിൽ കെട്ടിനിൽക്കുകയാണ്. വെള്ളക്കെട്ട് അപകടത്തിന് വഴിവെക്കാതിരിക്കാൻ ശാസ്ത്രീയ പരിഹാര രീതികൾ നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.