എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ്ര​ണേ​ഷ് രാ​ജേ​ന്ദ്ര​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

ചിറ്റൂരിൽ യു​വ​നേ​താ​ക്ക​ളു​ടെ ക​ടു​ത്ത മ​ത്സ​രം

ചിറ്റൂർ: ജലപ്രശ്നം രാഷ്ട്രീയഗതി നിർണയിക്കുന്ന മണ്ഡലത്തിൽ കടുത്ത മത്സരത്തിലാണ് മുന്നണികൾ. എൽ.ഡി.എഫിന്റെ ഭാഗമായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ മത്സരിക്കുന്ന ചിറ്റൂരിൽ ഇത്തവണ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പകരം അഡ്വ. വി. മുരുകദാസാണ് സ്ഥാനാർഥി.

മുൻ എം.എൽ.എ കെ. അച്യുതന്റെ മകനും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ സുമേഷ് അച്യുതനാണ് യു.ഡി.എഫ് സ്ഥാനാർഥി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ചിറ്റൂർ തത്തമംഗലം നഗരസഭയും എട്ട് പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിൽ വൻ തിരിച്ചുവരവ് നടത്തിയ ആത്മവിശ്വാസമാണ് കോൺഗ്രസിന്.

ഒരു പതിറ്റാണ്ടായി ചിറ്റൂരിൽ സജീവ സാന്നിധ്യമായിരുന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സന്തതസഹചാരിയും സജീവ പ്രവർത്തകനുമായ മുരുകദാസിനെ തന്നെ രംഗത്തിറക്കി മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റാനാണ് ജനതാദൾ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മത്സരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്ന സുമേഷ് അച്യുതനെ അല്ലാതെ യു.ഡി.എഫിന് മറ്റൊരു സ്ഥാനാർഥിയെ മുന്നോട്ടുവെക്കാൻ ഉണ്ടായിരുന്നില്ല.

കൈവിട്ടുപോയ ചിറ്റൂർ-തത്തമംഗലം നഗരസഭയും കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളും സുമേഷിന്റെ നേതൃത്വത്തിലാണ് തിരിച്ചുപിടിച്ചത്. അതേസമയം എൻ.ഡി.എയുടെ അപ്രതീക്ഷിത സ്ഥാനാർഥിയായി രംഗത്തെത്തിയ പ്രണേഷ് രാജേന്ദ്രൻ പ്രചാരണത്തിൽ കളം നിറയുകയാണ്. കോൺഗ്രസ് പൊൽപ്പുള്ളി മണ്ഡലം പ്രസിഡന്‍റായിരുന്ന പ്രണേഷ് പാർട്ടിയിലെ ഭിന്നതകളെ തുടർന്നാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയത്. മണ്ഡലത്തിൽ സുപരിചിതനായ പ്രണേഷിന്റെ പ്രവർത്തനം ഇരു മുന്നണികൾക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.

33,878 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ മന്ത്രി കെ. കൃഷ്ണൻകുട്ടി അഡ്വ. സുമേഷ് അച്യുതനെ പരാജയപ്പെടുത്തിയത്. കൃഷ്ണൻകുട്ടിയുടെ 10 വർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് മുരുകദാസ് ജനവിധി തേടുന്നത്.

എന്നാൽ, പ്രചരിപ്പിക്കുന്നത് പോലെയല്ല കാര്യങ്ങളെന്നും കോടികൾ ചെലവാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും താലൂക്ക് ആശുപത്രിയിൽ ഇല്ലെന്നും കിഴക്കൻ മേഖലയിൽ നടപ്പാക്കിയ ഡ്രിപ്പ് ഇറിഗേഷൻ പദ്ധതിയിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. സംസ്ഥാനത്ത് ഒട്ടാകെയുള്ള അനുകൂല തരംഗം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. കോൺഗ്രസിൽനിന്ന് എത്തിയ സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ നേതൃത്വം.

Tags:    
News Summary - Fierce Battle Among Youth Leaders in Chittoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.