അൻവർ പഴഞ്ഞി
എസ്.ഡി.പി.ഐ
ജില്ല പ്രസിഡന്റ്
മലപ്പുറം: ബി.ജെ.പിക്ക് ജയസാധ്യതയുള്ള സീറ്റുകളിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിച്ച്, യു.ഡി.എഫും എൽ.ഡി.എഫും പിന്തുണ നൽകുകയാണ് വേണ്ടതെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അൻവർ പഴഞ്ഞി. മങ്കട, വേങ്ങര ഉൾപ്പെടെ തങ്ങൾ മത്സരിക്കാത്ത ജില്ലയിലെ എട്ടു സീറ്റുകളിൽ ആരെ പിന്തുണക്കുമെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ നയ, നിലപാടുകൾ അൻവർ പഴഞ്ഞി ‘മാധ്യമ’വുമായി പങ്കുവെക്കുന്നു...
ജില്ലയിൽ എട്ടു സീറ്റിലാണല്ലോ മത്സരിക്കുന്നത്.വോട്ട് വർധിപ്പിക്കാൻ സാധിക്കുമോ?
നല്ല പ്രതീക്ഷയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച മുന്നേറ്റം സാധ്യമായിട്ടുണ്ട്. 52 ഗ്രാമപഞ്ചായത്ത് വാർഡിലും 12 നഗരസഭ വാർഡിലും എസ്.ഡി.പി.ഐ രണ്ടാം സ്ഥാനത്താണ്. ആ അർഥത്തിലുള്ള മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും കാഴ്ചവെക്കാനാകും.
എന്തൊക്കെയാണ് പ്രചാരണ വിഷയങ്ങൾ?
വിവിധ മണ്ഡലങ്ങളിലെ പ്രാദേശിക വികസന-ജനകീയ പ്രശ്നങ്ങളാണ് ജനങ്ങൾക്ക് മുമ്പാകെ വെക്കുന്ന പ്രധാന വിഷയം. ജില്ല വിഭജനം എന്നോ നടപ്പാക്കേണ്ടതായിരുന്നു. ആളുകളിലേക്ക് വികസനമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലകൾ രൂപവത്കരിക്കുന്നതെങ്കിലും മലപ്പുറത്തേക്ക് വികസനമെത്തുന്നില്ല. ജനസംഖ്യാനുപാതികമായി ജില്ലകളെ വിഭജിച്ച് എല്ലാവരിലേക്കും വികസനമെത്തിക്കണം.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടോ?
ചില വിഷയങ്ങളിൽ പ്രശ്നമുണ്ട് എന്നതിനപ്പുറം ഭരണവിരുദ്ധ വികാരമുള്ളതായി ബോധ്യപ്പെട്ടിട്ടില്ല.
മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐ വോട്ട് ഇടതിനാണോ?
പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ ആരെ പിന്തുണക്കുമെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിച്ച് പ്രഖ്യാപിക്കും. സി.പി.എം-എസ്.ഡി.പി.ഐ ഡീൽ ആരോപിക്കുന്നവർ മഞ്ചേശ്വരത്ത് തങ്ങൾ സ്ഥാനാർഥിയെ പിൻവലിച്ചത് യു.ഡി.എഫ്-എസ്.ഡി.പി.ഐ ഡീൽ ആണെന്ന് പറയുമോ? 16 മണ്ഡലങ്ങളുള്ള ജില്ലയിൽ എട്ടിടത്താണ് ഞങ്ങൾ മത്സരിക്കുന്നത്. ബാക്കി എട്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികളില്ല. അതിൽ ഉൾപ്പെട്ട രണ്ട് മണ്ഡലങ്ങൾ മാത്രമാണ് മങ്കടയും വേങ്ങരയും.
അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നുണ്ടോ?
ഇടത്-വലത് മുന്നണികളാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റത്തിന് ഉത്തരവാദികൾ. ബി.ജെ.പിയെ തോൽപിക്കേണ്ടത് ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. ബി.ജെ.പിക്ക് ജയസാധ്യതയുള്ള സീറ്റുകളിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.എഫും ചെയ്യേണ്ടത്.
സി.പി.എം-ബി.ജെ.പി ഡീൽ ഉള്ളതായി തോന്നിയിട്ടുണ്ടോ?
തെരഞ്ഞെടുപ്പ് സമയത്ത് പതിവായി ഉയരുന്ന ആരോപണമാണത്. അത് ഇരു മുന്നണികളും നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.